താനെ (മഹാരാഷ്ട്ര): 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന വ്യാജപരാതിയിൽ രണ്ടാനച്ഛനെ കുറ്റവിമുക്തനാക്കി താനെ കോടതി ഉത്തരവ്. കുട്ടിയുടെയും അമ്മയുടെയും പരാതിയിന്മേലുള്ള കേസിലാണ് കോടതി ഉത്തരവ്.
ഇന്ത്യൻ പീനൽ കോഡിലെയും പോക്‌സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രത്യേക പോക്‌സോ ജഡ്ജി റൂബി യു മാൽവങ്കറാണ് യുവാവിനെ കുറ്റവിമുക്തനാക്കിയത്.
2021 ജനുവരി, ഫെബ്രുവരി എന്നീ കാലയളവിൽ രണ്ടാനച്ഛനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നെന്നും തന്‍റെ അശ്ലീല വിഡിയോകൾ കാണിക്കുകയും ചെയ്‌തെന്നുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും അഞ്ചുമാസം ജയിലിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കേസിൽ പെൺകുട്ടിയും അമ്മയും പ്രതിയുടെ മോശം പെരുമാറ്റത്തെ ചൂണ്ടിക്കാണിക്കുന്ന പ്രോസിക്യൂഷന്‍റെ വാദത്തെ പിന്തുണക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. രണ്ടാനച്ഛൻ പെൺകുട്ടിയെ അടിച്ചത് ഇഷ്ട്ടപെടാതെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിന്‍റെ ഗൗരവം തിരിച്ചറിയാതെ യഥാർഥ സംഭവത്തെ പെരുപ്പിച്ച് പറഞ്ഞാണ് പൊലീസിൽ പരാതിപെട്ടതെന്നും കോടതി വ‍്യക്തമാക്കി.
താൻ തെറ്റ് ചെയ്യുമ്പോൾ രണ്ടാനച്ഛൻ തന്നെ തല്ലുമായിരുന്നുവെന്നും, സംഭവ ദിവസം, താൻ അച്ഛന്‍റെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് കരുതിയാണ് തല്ലിയതെന്നും, തുടർന്നുണ്ടായ ദേഷ്യത്തിലാണ് പരാതിപ്പെട്ടതെന്നും പെൺകുട്ടിയുടെ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ അശ്ലീല വിഡിയോകൾ കാണിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തുവെന്ന ആരോപണം പെൺകുട്ടി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.