ശശി തരൂർ

ദുബൈയിലെ ചർച്ച മാധ്യമ സൃഷ്ടി, പറയാനുള്ളത് കോൺഗ്രസ് നേതൃത്വത്തോട് പറയും -ശശി തരൂർ

ന്യൂഡൽഹി: സി.പി.എമ്മിലേക്കെത്തിക്കാനുള്ള ചർച്ച ദുബൈയില്‍ നടന്നെന്ന വാർത്ത തള്ളി ശശി തരൂർ. “ദുബൈയില്‍ ചർച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. നിങ്ങളുടെ ആഹാരത്തിന് വേണ്ടി നിങ്ങൾ ചെയ്യുന്നതാണെന്നും പറയാനുള്ളത് പാർട്ടി നേതൃത്വത്തോടെ പറയൂ. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസം. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാഞ്ഞത് അവർ ക്ഷണിച്ച സമയത്ത് ഞാൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്. ഈ വിഷയത്തിൽ കൂടുതൽ പറയാനില്ല, കൂടുതൽ പറഞ്ഞാൽ വീണ്ടും ചോദ്യങ്ങൾ വരും. പ്രതികരണത്തിനുള്ള സമയം ഇതല്ല. സമയം വരുമ്പോൾ സംസാരിക്കാം” -ദുബൈയിൽനിന്ന് തിരിച്ചെത്തിയ തരൂർ വ്യക്തമാക്കി.

നേതൃത്വവുമായി ചർച്ച ഉണ്ടാകുമെന്നുള്ള സൂചനയാണ് തരൂർ നല്‍കിയത്. മഹാപഞ്ചായത്തിൽ രാഹുൽഗാന്ധി കൈകൊടുക്കാൻ മടിച്ച തരൂർ ഇടതിന് കൈകൊടുക്കുമോ എന്നതാണ് നിലവിലെ ചർച്ച. രാഹുൽ അപമാനിച്ചെന്ന വികാരമുള്ള ശശി തരൂരിനെ കൂടെ കൂട്ടാനാണ് സി.പി.എമ്മിന്‍റെ നീക്കം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പ്രവാസി വ്യവസായിയാണ് ഇടനിലക്കാരൻ എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാല്‍ കൂടിക്കാഴ്ചയും ചർച്ചയും നടന്നെന്ന വാർത്തകൾ തരൂര്‍ പൂർണമായി തള്ളിക്കളഞ്ഞു.

അതേസമയം, ഇന്ന് നടന്ന കോൺഗ്രസ് പാർലമെന്‍ററി നയരൂപീകരണ യോഗത്തിലും ശശി തരൂർ പങ്കെടുത്തില്ല. നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാൻ ശശി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. എന്നാൽ വൈകിയാണ് തന്നെ ക്ഷണിച്ചതെന്നും അതിനാലാണ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്നുമാണ് തരൂരിന്‍റെ വിശദീകരണം. റിട്ടേൺ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നുവെന്നും തരൂർ വ്യക്തമാക്കി. ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും അദ്ദേഹം ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് തരൂർ ദുബൈയിൽനിന്ന് ഡൽഹിയിൽ തിരിച്ചെത്തിയത്.

Tags:    
News Summary - Dubai discussion is a media creation, I will tell the Congress leadership what I have to say: Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.