ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാർ ചർച്ചക്ക് തുടക്കമിട്ടത് 2007ൽ

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾക്ക് രണ്ടു പതിറ്റാണ്ടോളമെത്തിയ സുദീർഘവും സങ്കീർണവുമായ ചരിത്രമാണുള്ളത്. സമഗ്ര വ്യാപാര കരാറിനുള്ള പ്രാരംഭ ചർച്ചകൾ 2007ൽ തുടക്കമിട്ടിരുന്നു.

യൂറോപ്യൻ കാർ നിർമാതാക്കളും ഇന്ത്യൻ ഉപഭോക്താക്കളും ചർച്ചകളിലെ പുരോഗതി ഒരുപോലെ ഉറ്റുനോക്കിയിരുന്നു. ഓട്ടോമൊബൈൽ മേഖലയിലെ തീരുവ ഇളവുകളും സ്റ്റീലിന്‍റെ കാര്യത്തിലും വിലപേശൽ തുടർന്നതും പലപ്പോഴും ചർച്ചകൾ വഴിമുട്ടാൻ ഇടയാക്കി. 2013ൽ സംഭാഷണങ്ങൾ നിർത്തിവെക്കാൻ വരെ അതു കാരണമാകുകയും ചെയ്തു.

ഇന്ത്യയുടെ കാർ ഇറക്കുമതി തീരുവ 100 ശതമാനം പിന്നിട്ടു പോകുന്നതിനാൽ അതു കുത്തനെ വെട്ടിക്കുറക്കണമെന്നായിരുന്നു യൂറോപ്യൻ യൂനിയന്‍റെ നിർബന്ധം. സ്റ്റീൽ കയറ്റുമതിയിലെ യൂറോപ്യൻ യൂനിയന്‍റെ നിയന്ത്രണങ്ങൾ നീക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

2013 മുതൽ 2021 വരെ സംഭാഷണങ്ങൾ നിശ്ചലമായിരുന്നു. കാർഷികോൽപന്നങ്ങളും തീരുവയും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരുപക്ഷങ്ങൾക്കും യോജിപ്പിലെത്താൻ കഴിഞ്ഞില്ല. 2021 മേയ് മാസത്തിലാണ് ഇരുപക്ഷത്തെയും നേതാക്കൾ പോർത്തോയിൽ ചേർന്ന സമ്മേളനത്തിൽ ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. 2022ൽ ചർച്ചകൾ ഊർജിതമാക്കി. റഷ്യ-യുക്രെയ്ൻ യുദ്ധവും, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനങ്ങളും ഊർജിത ചർച്ചകൾക്ക് ആക്കം കൂട്ടുകയും ചെയ്തു.

തീരുവ കുറയും, വിലയും

ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള വ്യാപാര കരാർ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെയും നാലാമത്തെയും സമ്പദ്‍വ്യവസ്ഥകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും.

വില കുറയുന്ന ഇനങ്ങൾ

ബി.എം.ഡബ്ല്യു, മെർസെഡസ്-ബെൻസ്, ലംബോർഗിനി മുതലായ ആഡംബര കാറുകൾക്ക് ഇന്ത്യയിൽ വില ഗണ്യമായി കുറയും. ഇവയുടെ ഇറക്കുമതി തീരുവ നിലവിലെ 110 ശതമാനത്തിൽനിന്ന് 10 ശതമാനമായാണ് കുറയുക.

മെഷീനറി, ഇലക്ട്രിക്കൽ എക്വിപ്‍മെന്‍റ് എന്നിവക്ക് നിലവിൽ 44 ശതമാനം തീരുവ ഇനി ഒട്ടുമില്ലാതാകും. ഒപ്റ്റിക്കൽ, മെഡിക്കൽ, സർജിക്കൽ എക്വിപ്‍മെന്‍റ് വിഭാഗത്തിലെ 90 ഇനങ്ങൾക്ക് തീരുവ ഉണ്ടാകില്ല. പ്ലാസ്റ്റിക്, കെമിക്കലുകൾ, അയൺ, സ്റ്റീൽ എന്നിങ്ങനെയുള്ള ഉൽപന്നങ്ങൾക്കും തീരുവ പൂജ്യമായിരിക്കും.

ഫ്രാൻസ്, ഇറ്റലി, സ്പെയിൻ മുതലായ വൻ വിപണികളിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില കുറയും. നിലവിൽ ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് ഇന്ത്യ 150 ശതമാനം തീരുവയാണ് ചുമത്തുന്നത്. പുതിയ ഉടമ്പടിയിലൂടെ അത് കുത്തനെ 20 ശതമാനത്തിലേക്ക് കുറയും. ആഭ്യന്തര വിപണിക്ക് ആഘാതം ഉണ്ടാകാതിരിക്കാൻ അത് ക്രമേണ അഞ്ച് മുതൽ പത്ത് വരെ വർഷത്തെ കാലയളവിലാണ് നടപ്പാക്കുക.

ഇന്ത്യൻ മദ്യത്തിന് യൂറോപ്യൻ വിപണിയിലും വില കുറയും. വൈൻ ഇറക്കുമതിക്ക് നിലവിൽ 150 ശതമാനമായിരിക്കുന്ന തീരുവ കരാർ പ്രാബല്യത്തിൽ വരുമ്പോൾ പ്രീമിയം റേഞ്ചിന് 20ഉം മീഡിയം റേഞ്ചിന് 30ഉം ശതമാനമായി കുറയും. സ്‍പിരിറ്റ് 150ൽനിന്ന് 40 ശതമാനമാകും. ബിയർ 110ൽനിന്ന് 50 ശതമാനമായി കുറയും.

ഒലിവ് ഓയിലിനും മറ്റു സസ്യ എണ്ണകൾക്കും ഇപ്പോൾ 45 ശതമാനമെന്നത് പൂജ്യമാകും. ഫ്രൂട്ട് ജ്യൂസുകൾക്കും ലഹരിയില്ലാത്ത ബിയറിനും 55 ശതമാനത്തിൽനിന്ന് പൂജ്യമാകും. പ്രോസസ്‍ഡ് ഫുഡ് 50 ശതമാനമെന്നത് പൂജ്യമാകും.

ആരോഗ്യ പരിചരണ രംഗത്ത് മുന്നിൽ നിൽക്കുന്ന യൂറോപ്പിൽനിന്ന് കാൻസറിനും, മറ്റു ഗുരുതര രോഗങ്ങൾക്കുമുള്ള മരുന്നുകൾ ഇന്ത്യയിൽ ഗണ്യമായ വിലക്കുറവിൽ ലഭിക്കും. ഇന്ത്യൻ നിർമിത മരുന്നുകൾ 27 യൂറോപ്യൻ വിപണികളിലും ലഭ്യമാകും.

Tags:    
News Summary - India-EU Free Trade Agreement negotiations began in 2007

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.