കാറുകൾ മോഷ്ടിച്ച് വിൽപ്പന: ഇരു സംഘങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 20 വാഹനങ്ങൾ

ഹൈദരാബാദ്: കാറുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് അന്തർസംസ്ഥാന സംഘങ്ങളെ മിർയാലഗുഡ പൊലീസ് അറസ്റ്റ് ചെയ്തു. 20 വാഹനങ്ങളും ആറ് കോടി രൂപയുമാണ് സംഘത്തിന്‍റെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്. വാഹനങ്ങൾ മോഷ്ടിച്ച് എഞ്ചിനും ഷാസി നമ്പറുകളും മാറ്റിയ ശേഷമാണ് വിൽപ്പന. ഡൽഹിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമാണ് ഭൂരിഭാഗം വാഹനങ്ങളും മോഷ്ടിച്ചത്.

പെട്രോൾ പമ്പ് ജീവനക്കാരനായ വീരസ്വാമി ഫെബ്രുവരി എട്ടിന് പെട്രോൾ പമ്പ് തൊഴിലാളിയായ സിരി നായക്, സഹായിയായ പൂർണ ചാരി എന്നിവരിൽ നിന്ന് രണ്ട് കാറുകൾ വാങ്ങിയിരുന്നു. 20 ലക്ഷം രൂപക്കായിരുന്നു കച്ചവടം. പശ്ചിമ ബംഗാൾ രജിസ്‌ട്രേഷൻ നമ്പറുള്ള ഫോർച്യൂണറും ക്രെറ്റയുമാണ് വാങ്ങിയത്. ഉടമകളിൽ നിന്ന് എൻ.ഒ.സി നൽകാമെന്ന് ഇരുവരും വാഗ്ദാനം ചെയ്തതനുസരിച്ചായിരുന്നു കച്ചവടമെന്ന് വീരസ്വാമി പൊലീസിനോട് പറഞ്ഞു.

എന്നാൽ കച്ചവടം പൂർത്തിയായിട്ടും എൻ.ഒ.സി നൽകാതിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാസി നമ്പറും എഞ്ചിനും കൃത്രിമമാണെന്ന് കണ്ടെത്തി. വാഹനങ്ങളുടെ ഷോറൂമിലെത്തി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷാസി നമ്പറുകൾ പ്രകാരം ഒക്ടോബർ, നവംബർ കാലയളവിൽ ഡൽഹിയിൽ നിന്ന് മോഷണം പോയ വാഹനങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് കാറുകൾ കൂടി പൊലീസ് കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബാപ്പ ഘോഷിൽ നിന്നാണ് തങ്ങൾ കാറുകൾ വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഫോർച്യൂണറിന് 8-10 ലക്ഷം, ഇന്നോവക്ക് 4-6 ലക്ഷം, ക്രെറ്റ 2-4 ലക്ഷം എന്നിങ്ങനെയാണ് പ്രതികൾ നൽകിയിരുന്നത്. തെലങ്കാനയിൽ ക്രെറ്റ 4-7, ഇന്നോവ 10-12 ലക്ഷം, ഫോർച്യൂണർ 18-20 ലക്ഷം എന്നിങ്ങനെയാണ് വിലയെന്നും നൽഗൊണ്ട പൊലീസ് സൂപ്രണ്ട് രമ രാജേശ്വരി പറഞ്ഞു.

പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാം സംഘത്തെ മുഷീറാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 13 കാറുകൾ പൊലീസ് പിടിച്ചെടുത്തു. ഇതിൽ എട്ട് വാഹനങ്ങൾക്ക് മഞ്ചേരിയലിൽ നിന്നും സംഘം തെലങ്കാന രജിസ്ട്രേഷൻ നമ്പറുകൾ നേടിയെടുത്തതായി പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത 20 വാഹനങ്ങളിൽ 16 എണ്ണം ഡൽഹി, ഗുർഘാഓൻ മേഖലകളിൽ നിന്നും മോഷ്ടിക്കപ്പെട്ടവയാണെന്ന് പൊലീസ് അറിയിച്ചു. ശേഷിക്കുന്നവയുടെ ഉടമസ്ഥാവകാശം വ്യകതമല്ല.

News Summary - Telangana: Gangs busted for selling stolen cars; 20 vehicles seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.