പാട്ന: പ്രതിപക്ഷ പാർട്ടികൾക്കു നേരെ പ്രതികാര രാഷ്ട്രീയ തുടരുന്ന ബി.ജെ.പിയെ വകവെക്കാതെ തങ്ങൾക്കൊപ്പം ചേർന്ന ജനതാദൾ(യു) നേതാവ് നിതീഷ് കുമാറിന്റെ ധീര നിലപാടിനെ പുകഴ്ത്തി ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. ജനതാദളുമായുള്ള ബന്ധത്തിനു പിന്നാലെ ഉയർന്ന ആരോപണങ്ങൾ തള്ളുന്നതായും തേജസ്വി എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.നുണ പറയുന്നതിൽ വിദഗ്ധരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയുമെന്നും തേജസ്വി ആരോപിച്ചു.
ബിഹാറിലെ വിശാലസഖ്യം യഥാർഥ സർക്കാരാണ്.''ജനങ്ങളുടെ സർക്കാരാണിത്. ജനങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു സർക്കാർ...അതാണ് ഞങ്ങളുടെ വിശാലസഖ്യം. ബി.ജെ.പി ഉപേക്ഷിക്കാനുള്ള നിതീഷിന്റെ തീരുമാനം ധീരമാണ്. അത് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവർക്ക് കനത്ത തിരിച്ചടിയാണ് നിതീഷിന്റെ പിൻമാറ്റം. ഭരണഘടന സംരക്ഷിക്കുകയാണ് ഞങ്ങളുടെ കടമ. ജനങ്ങൾ ഞങ്ങളുടെ ഭാഗത്താണ്. അവർക്ക് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുക. ബി.ജെ.പി ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെങ്കിൽ സി.ബി.ഐ, എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ അവർക്ക് ആവശ്യമുണ്ടാകില്ലായിരുന്നു.പ്രതികാരം വീട്ടാൻ തക്കം പാർത്തിരിക്കുന്നവരാണ് ബി.ജെ.പി''-തേജസി ആരോപിച്ചു.
ആർ.ജെ.ഡിയുടെ ഭരണകാലത്ത് ബിഹാറിലെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള കണക്കുകൾ കാണിച്ചു തന്നാൽ നമുക്ക് കുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കാം. കണക്കുകൾ പരിശോധിച്ചാൽ ഏത് സർക്കാരാണ് മികച്ചതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. എൻ.ഡി.എ അധികാരത്തിലിരുന്നപ്പോൾ കുറ്റകൃത്യങ്ങൾ പരകോടിയിലെത്തിയതായി കാണാമെന്നും തേജസി സൂചിപ്പിച്ചു. തനിക്കെതിരായ അഴിമതി ആരോപണങ്ങളെയും തേജസി തള്ളി.
ദാരിദ്ര്യ നിർമാർജനവും പുതിയ തൊഴിലുകൾ സൃഷ്ടിക്കുകയുമാണ് പുതിയ സർക്കാരിന്റെ മുഖ്യ അജണ്ടയെന്നും തേജസ്വി വിശദീകരിച്ചു. കാലാവധി പൂർത്തിയാക്കുമോ എന്ന ചോദ്യത്തിന് ഞങ്ങൾ സോഷ്യലിസ്റ്റുകളാണ്. ഞങ്ങൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നവരാണ്. എന്നാൽ ഒരേ കുടുംബത്തിൽ പെട്ടവരാണ്. ജനങ്ങളുടെ ഉന്നതിയാണ് ആത്യന്തികമായി ലക്ഷ്യം വെക്കുന്നതെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു. ബുധനാഴ്ചയാണ് ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.