അസദുദ്ദീൻ ഉവൈസി

ടി.സി.എസ് കേസ്: ‘‘നിദ ഖാനെതിരെ നടക്കുന്നത് മാധ്യമ വിചാരണ; ബുർഖ ധരിക്കുന്നതും മതപുസ്തകം വായിക്കുന്നതുമാണോ നിങ്ങളുടെ പ്രശ്നം’’ -അസദുദ്ദീൻ ഉവൈസി

മുംബൈ: നാസിക് ടി.സി.എസ് കേസിൽ ആരോപണവിധേയയായി പ്രതിചേർക്കപ്പെട്ട നിദ ഖാനെതിരെ നടക്കുന്ന കേസിനെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്നും നിദ ഖാൻ നിരപരാധിയാണെന്ന് കോടതിയിൽ തെളിയുമെന്നും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. നിദ ഖാനെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ടി.സി.എസിലെ ലൈംഗികാതിക്രമ-മതംമാറ്റ കേസിൽ മുഖ്യസൂത്രധാരയാണെന്ന് ആരോപിച്ചാണ് ഛത്രപതി സംഭാജിനഗറിൽനിന്ന് നിദ ഖാനെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന നിദയ്ക്ക് അഭയം നൽകിയെന്നാരോപിച്ച് എ.ഐ.എം.ഐ.എം കോർപ്പറേറ്റർ മത്തീൻ പട്ടേലിനെതിരെയും കേസെടുത്തിരുന്നു. ഇതേത്തുടർന്ന് എ.ഐ.എം.ഐ.എമ്മിനെതിരെ ഭരണകക്ഷിയായ മഹായുതിയിലെ നേതാക്കൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുതന്നെ നിദ ഖാനെ ജോലിയിൽനിന്ന് സ്ഥലം മാറ്റിയിരുന്നുവെന്ന് ഉവൈസി ചൂണ്ടിക്കാട്ടി. എച്ച്.ആർ വിഭാഗവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്ന് ടി.സി.എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിദ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. കേസ് നൽകിയ പരാതിക്കാരൻ ഭരണകക്ഷി അംഗമാണെന്നും ഉവൈസി ആരോപിച്ചു.

"ഒരു മുസ്ലീം വീട്ടിൽ ബുർഖയോ പ്രവാചകനെ കുറിച്ചുള്ള പുസ്തകങ്ങളോ ഉണ്ടാകുന്നത് നിയമവിരുദ്ധമാണോ? മിർസ ഗാലിബിന്റെ പുസ്തകം വീട്ടിൽ കണ്ടതിന്റെ പേരിൽ ഡൽഹിയിൽ യുവാക്കളെ തീവ്രവാദികളായി മുദ്രകുത്തിയ ചരിത്രമുണ്ട്. മാധ്യമങ്ങൾ തന്നെ ജഡ്ജിയും ജൂറിയുമായി മാറുന്നത് നീതിനിർവഹണത്തിന് അപകടകരമാണ്." - അസദുദ്ദീൻ ഉവൈസി പറഞ്ഞു.

മുസ് ലിം സമുദായത്തിലെ അഭ്യസ്തവിദ്യരായ ആളുകളെ വേട്ടയാടാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ആരോപണങ്ങൾക്ക് പിന്നിലുള്ളത്. കേസിൽ കോടതി വിധി പറയട്ടെ എന്നും ഉവൈസി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ബി ടീമാണ് തങ്ങളെന്ന് ആക്ഷേപിക്കുന്നവർക്ക്, ഈ കേസിൽ പാർട്ടി നേരിടുന്ന വേട്ടയാടൽതന്നെ മറുപടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

നാസിക്കിലെ ഐ.ടി കമ്പനിയായ ടി.സി.എസിൽ ഒമ്പത് പീഡനക്കേസുകളാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കുന്നത്. നിർബന്ധിത മതപരിവർത്തനശ്രമം, ലൈംഗികാതിക്രമം, മാനസിക പീഡനം തുടങ്ങിയ പരാതികളിൽ ഓപറേഷൻസ് മാനേജർ ഉൾപ്പെടെ എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തു. ജീവനക്കാരെ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർത്ത് മതപരമായ ആചാരങ്ങൾ പാലിക്കാൻ നിർബന്ധിച്ചു എന്നതാണ് നിദ ഖാനെതിരെയുള്ള ആരോപണം. പീഡന പരാതി ഉയർന്ന ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ടി.സി.എസ് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - "TCS case: Media trial underway against Nida Khan; Is wearing burqa and reading religious books your problem?" - Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.