ടാറ്റ ഗ്രൂപ്പിന് സെമി-കണ്ടക്‌ടർ യൂനിറ്റ് അനുമതി നൽകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും മറ്റ് പ്രതിനിധികളും

സെമി-കണ്ടക്‌ടർ യൂനിറ്റ് അനുമതിക്ക് പിന്നാലെ ബി.ജെ.പിക്ക് ടാറ്റ ഗ്രൂപ് വക വൻ സംഭാവന

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന് സെമികണ്ടക്‌ടർ യൂനിറ്റുകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതിന് പിന്നാലെ ബി.ജെ.പിക്ക് വൻ തുകയുടെ സംഭാവന ലഭിച്ചെന്ന് റിപ്പോർട്ട്. ആഭ്യന്തര സെമികണ്ടക്‌ടർ വ്യവസായത്തിന് ആക്കം പകരാനുള്ള നീക്കത്തിന്‍റെ ഭാഗമായി 2024 ഫെബ്രുവരി 29 നാണ് കേന്ദ്ര സർക്കാർ ടാറ്റാ ഗ്രൂപ്പിന് അനുമതി നൽകിയത്. ആഴ്ചകൾക്കുശേഷം 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടാറ്റാ ഗ്രൂപ് 758 കോടി രൂപ ബി.ജെ.പിക്ക് സംഭാവന നൽകിയെന്ന് ദ സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു.

സെമികണ്ടക്‌ടർ ഉൽപാദനത്തിനുള്ള ചെലവിന്‍റെ പകുതി ഇളവ് ചെയ്യാമെന്ന് കേന്ദ്രം സമ്മതിക്കുകയും ചെയ്തിരുന്നു. രണ്ട് യൂനിറ്റുകൾ സ്ഥാപിക്കാൻ ടാറ്റാ ഗ്രൂപ്പിന് സബ്‍സിഡിയായി 44,203 കോടി രൂപ ലഭിച്ചു. മന്ത്രിസഭയുടെ അനുമതി ലഭിച്ച് നാലാഴ്ചക്ക് ശേഷമാണ് ബി.ജെ.പിക്ക് സംഭാവനയായി ഗ്രൂപ് വൻ തുക സംഭാവന നൽകിയത്.

2023-24 ൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ലഭിച്ച ഏറ്റവും വലിയ സംഭാവനയാണ് അത്. 2024-25 ൽ ടാറ്റാ ഗ്രൂപ്പിലെ 15 കമ്പനികൾ മൊത്തം 915 കോടി രൂപ രാഷ്‍ട്രീയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഗ്രൂപ്പിന്‍റെ പ്രോഗ്രസീവ് ഇലക്‌ടറൽ ട്രസ്റ്റ് മുഖേനയാണ് വിവിധ പാർട്ടികൾക്ക് സംഭാവന നൽകാറുള്ളത്. ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ 308 കോടി രൂപയാണ് ഏറ്റവും വലിയ സംഭാവന. കോൺഗ്രസ് പാർട്ടിക്ക് ലഭിച്ച സംഭാവന വെറും 77.3 കോടി രൂപയാണ്. അതായത് ബി.ജെ.പിക്ക് ലഭിച്ച തുകയുടെ പത്തിലൊന്ന് മാത്രം. മറ്റ് ചില പാർട്ടികൾക്ക് 10 കോടി രൂപ വീതവും ലഭിച്ചു.

ടാറ്റ ഗ്രൂപ്പിന്‍റെ പ്രോഗ്രസീവ് ഇലക്‌ടറൽ ട്രസ്റ്റ് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ ഒരു പാർട്ടിക്കും സംഭാവന നൽകിയിരുന്നില്ല. സെമികണ്ടക്‌ടർ യൂനിറ്റുകൾ സ്ഥാപിക്കാൻ കമ്പനികൾക്ക് പ്രോത്സാഹനം നൽകുന്ന വിവിധ പദ്ധതികൾ മോദി സർക്കാർ 2021ലാണ് പ്രഖ്യാപിച്ചത്. സെമികണ്ടക്‌ടർ ഇറക്കുമതിക്ക് ഇന്ത്യ ചൈനയെയും തായ്‌വാനെയും വലിയതോതിൽ ആശ്രയിക്കുന്നതിനാലാണ് തദ്ദേശീയമായി ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്.

ഈ സുപ്രധാന രംഗത്തേക്ക് കടക്കുന്ന കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപയുടെ സബ്‍സിഡി വാഗ്ദാനവും ചെയ്തു. കേന്ദ്രത്തിൽനിന്നുള്ള 50 ശതമാനം സബ്‍സിഡിക്ക് പുറമെ സംസ്ഥാനങ്ങളിൽനിന്നുള്ള ആനുകൂല്യങ്ങളും അതിനുണ്ടായിരുന്നു.

Tags:    
News Summary - Tata Group donated Rs 758 cr to BJP weeks after approval for semiconductor units

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.