ബംഗളൂരു: 2023ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ, പട്ടികജാതി, പിന്നാക്ക ജാതി വോട്ടുകളാണ് കൂട്ടത്തോടെ ഇല്ലാതാക്കിയതെന്ന് കർണാടകയിലെ ആലന്ദ് നിയോജകമണ്ഡലം പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസ് എം.എൽ.എ ബി.ആർ. പാട്ടീൽ. ഈ മണ്ഡലത്തിലെ വോട്ടുനീക്കൽ സംബന്ധിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രതികരണം.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 10,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.എൽ.എ വിജയിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാർ ഇല്ലാതായ ആദ്യ പത്ത് ബൂത്തുകൾ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടുകൾ ഇല്ലാതാക്കിയ വിവരം അറിഞ്ഞപ്പോൾ, കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും താനും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഡെപ്യൂട്ടി കമ്മീഷണറെയും സമീപിച്ചു. തന്നെ തോൽപിക്കാൻ ഗൂഢാലോചന നടന്നതായി എം.എൽ.എ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോം-ഏഴ് പ്രകാരം വോട്ടർമാരെ ഇല്ലാതാക്കാൻ ആരോ അപേക്ഷ അയച്ചു. ഇതിനുശേഷം, എന്തെങ്കിലും പൊരുത്തക്കേടോ ആശയക്കുഴപ്പമോ ഉണ്ടോ എന്ന് കണ്ടെത്താൻ റിട്ടേണിങ് ഓഫിസർ പരിശോധന നടത്തി. തൽസ്ഥിതി തുടരാൻ ഓഫിസർ ഉത്തരവിട്ടു. തൽസ്ഥിതി നിലനിർത്തിയില്ലെങ്കിൽ 6,994 വോട്ടുകൾ ഇല്ലാതാവുകയും താൻ തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്യുമായിരുന്നു.
മണ്ഡലത്തിലെ തന്റെ വോട്ടർമാരെ ഇല്ലാതാക്കാനും മറ്റ് വോട്ടർമാരെ ഒഴിവാക്കാനുമാണ് അഭ്യർത്ഥന നടത്തിയത്. തനിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശത്ത് പ്രവർത്തകർക്കും അനുയായികൾക്കും നേരെയാണ് വോട്ട് നീക്കൽ ആക്രമണം നടന്നത്. ലക്ഷ്യമിട്ടവരിൽ ഭൂരിഭാഗവും ന്യൂനപക്ഷങ്ങൾ, പട്ടികജാതിക്കാർ, പിന്നാക്കക്കാർ എന്നിവരായിരുന്നു. കോൺഗ്രസ് വോട്ട് ബാങ്കാണത്. സമഗ്രമായ അന്വേഷണം നടത്തിയാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും. എന്നാൽ അന്വേഷണം നടക്കുന്നില്ല. താൻ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോയി അവരുമായി ചർച്ച ചെയ്യുകയും അത് പിന്തുടരുകയും ചെയ്യുന്നു. പരാതിക്കാരൻ റിട്ടേണിംഗ് ഓഫിസർ ആയതിനാൽ തെളിവുകൾ ലഭ്യമാണ്. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്’ -അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് ഓഫിസർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമാണ്. അദ്ദേഹം നൽകുന്ന പരാതിക്ക് കമീഷൻ മറുപടി നൽകണമെന്നും പാട്ടീൽ പറഞ്ഞു. ‘കമീഷണർ മറുപടി നൽകാത്തതിനാൽ അവരും തെറ്റുകാരാണെന്ന സംശയം ജനിപ്പിക്കുന്നു. ആരാണ് ഇതിന് പിന്നിൽ? ആരുടെ ഗൂഢാലോചനയാണ് ഇത്? ഇത് അന്വേഷിക്കണം’ -എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.