ബാങ്ക് ജോലി ലഭിച്ചില്ല; എസ്.ബി.ഐയുടെ വ്യാജ ശാഖ തുടങ്ങിയ യുവാവ് അറസ്റ്റിൽ

ചെന്നൈ: മൂന്ന് മാസം മുമ്പാണ് തമിഴ്നാട് കൂടല്ലൂർ ജില്ലയിലെ പൻറുട്ടി നോർത്ത് ബസാറിൽ എസ്.ബി.ഐയുടെ പുതിയ ശാഖ തുറന്നത്. കമ്പ്യൂട്ടറുകളും ലോക്കറുകളും ചലാൻ സ്ലിപ്പുകളും മറ്റ് ഇടപാട് രേഖകളുമൊക്കെ ബാങ്കിലുണ്ടായിരുന്നു. എന്നാൽ, കോവിഡ് കാലമായതിനാൽ പുതിയ ശാഖയിൽ കാര്യമായ ഇടപാടുകളൊന്നും നടന്നില്ല. കഴിഞ്ഞ ദിവസം നോർത്ത് ബസാർ ബാങ്കിലെ രസീത് സമീപത്തെ എസ്.ബി.ഐ ശാഖയിലെ മാനേജർ കണ്ടതോടെയാണ് വ്യാജ ബാങ്കിനെ കുറിച്ചുള്ള വിവരം പുറത്തായത്. മൂന്ന് മാസമായി നോർത്ത് ബസാറിൽ പ്രവർത്തിച്ച എസ്.ബി.ഐ ശാഖ വ്യാജനാണെന്ന് അറിഞ്ഞതോടെ നാട്ടുകാരാകെ അമ്പരന്നിരിക്കുകയാണ്. 

എസ്.ബി.ഐ മുൻജീവനക്കാരായ ദമ്പതികളുടെ 19കാരനായ മകനാണ് ഒറിജിനലിനെ വെല്ലുംവിധം വ്യാജ ബാങ്ക് ശാഖ തുറന്നത്. സംഭവത്തിൽ കമൽ ബാബു (19), കൂട്ടാളികളായ എ. കുമാർ (42), എം. മാണിക്കം (52) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബാങ്ക് ജീവനക്കാരായ ദമ്പതികളുടെ മകനായതിനാൽ കമൽ ബാബുവിന് ചെറുപ്പം മുതൽക്കേ ബാങ്ക് പ്രവർത്തനങ്ങളെല്ലാം പരിചയമുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇയാളുടെ പിതാവ് മരിച്ചു. മാതാവ് വിരമിക്കുകയും ചെയ്തു. പിതാവിന്‍റെ ജോലി തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ, ജോലി ലഭിച്ചില്ല. 

തുടർന്നുണ്ടായ നിരാശയിൽ നിന്നാണ് വ്യാജ ബാങ്ക് ശാഖ തുടങ്ങാനുള്ള തീരുമാനമുണ്ടായത്. ബാങ്കിലെ ഇടപാടുകളെ കുറിച്ച് വിശദ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പരാതിയുമായി ഇടപാടുകാർ ആരും വന്നിട്ടില്ല. 

താൻ ആളുകളെ വഞ്ചിക്കാനായല്ല ബാങ്ക് ആരംഭിച്ചതെന്ന് ബാബു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, ബാബുവിന്‍റെ മാതാവിന്‍റെയും അമ്മായിയുടെയും അക്കൗണ്ടിലേക്ക് നിരവധി ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Latest Video:

Full View
Tags:    
News Summary - Tamil Nadu: Three arrested for running duplicate SBI bank branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.