ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗണിൽ ഇളവുകൾ വരുത്തി തസ്മാക് മദ്യവിൽപ്പന ശാലകൾ തുറന്ന ആദ്യ ദിവസം വിൽപ്പന നടത്തിയത് 172 കോടി രൂപയുടെ മദ്യം. വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ തസ്മാക് ഷോപ്പുകൾ തുറന്നത്.
മിക്കയിടങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ മദ്യശാലകൾക്ക് മുമ്പിൽ ഒത്തുകൂടിയത് വാർത്തയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസുകാർ ബുദ്ധിമുട്ടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ചിലയിടങ്ങളിൽ ജനങ്ങൾക്ക് നേരെ ലാത്തിച്ചാർജുമുണ്ടായി.
മദ്യ വിൽപ്പന ശാലകൾക്ക് മുമ്പിൽ അഞ്ചുപേരിൽ കൂടുതൽ നിൽക്കരുതെന്ന് മദ്രാസ് ഹൈകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശവും നൽകിയിരുന്നു.
തസ്മാക് ഷോപ്പുകൾ തുറന്ന ആദ്യ ദിവസം 172 കോടിയുടെ വിൽപ്പന നടത്തിയതായും സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും അധികൃതർ പറഞ്ഞു.
5146 തസ്മാക് ഷോപ്പുകളാണ് തമിഴ്നാട്ടിലുള്ളത്. സാധാരണ ദിവസങ്ങളിൽ 70 മുതൽ 80 കോടി രൂപയൂടെ വരുമാനമാണ് ദിവസേന ലഭിക്കാറ്. ലോക്ഡൗൺ മൂലം 3750 ഷോപ്പുകൾ മാത്രമേ തുറന്നിട്ടുള്ളൂ. ഇതിൽ നിന്നാണ് 172 കോടി രൂപയുടെ വരുമാനം.
മധുര മേഖലയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 46.78 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിൽപ്പന നടത്തിയത്. തിരുച്ചിയിൽ 45.67 കോടിയുടെയും സേലത്ത് 41.56 കോടിയുടെയും മദ്യം വിറ്റു.
അതേസമയം തമിഴ്നാട്ടിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മഹാരാഷ്ട്രക്ക് പുറമെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത് ഗുജറാത്തിലും തമിഴ്നാട്ടിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.