ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടികക്കായി കേരള സർക്കാർ കൊണ്ടുവന്ന മാറ്റം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നുണ്ടോ എന്ന് അറിയിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി. കേരള സർക്കാർ അപ്പീൽ നൽകുമോ എന്നറിഞ്ഞ ശേഷം ഇതിന് അനുകൂലവും പ്രതികൂലവുമായി വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കേരള സർക്കാറിന്റെ നയത്തെ സുപ്രീംകോടതി ചോദ്യം ചെയ്യുന്നില്ലെന്നും, മറിച്ച് അത് നടപ്പാക്കാനായി അവസാന നിമിഷം കൈക്കൊണ്ട നടപടികളാണ് പ്രശ്നമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
അതിനാൽ ഹൈകോടതി വിധിയെ തുടർന്ന് കൈക്കൊണ്ട പ്രവേശന നടപടികൾ തടസ്സപ്പെടുത്തില്ലെന്നും വിഷയം തത്ത്വത്തിൽ കേൾക്കാമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ഹൈകോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർഥികളും വിധി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികളും സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കേരള സർക്കാർ അപ്പീൽ നൽകുന്നുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചത്. നൽകാനിടയുണ്ട് എന്ന് കേരള സിലബസ് വിദ്യാർഥികൾക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ മറുപടി നൽകിയപ്പോൾ കേരളം വരില്ലെന്നും ഹൈകോടതി വിധി സർക്കാർ നടപ്പാക്കിയെന്നും സി.ബി.എസ്.ഇ വിദ്യാർഥികൾക്കുവേണ്ടി ഹാജരായ രാജു രാമചന്ദ്രൻ വ്യക്തമാക്കി.
ഇനി കോടതി ഇടപെടൽ ഉണ്ടാകരുതെന്നും അദ്ദേഹം വാദിച്ചു.ഇതേ തുടർന്നാണ്, സംസ്ഥാന സർക്കാർ ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നുണ്ടോയെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിക്ക് നിർദേശം നൽകിയത്. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പുതുക്കിയ റാങ്ക് പട്ടിക കേരള സിലബസിൽ പഠിച്ച വിദ്യാർഥികളെ ദോഷകരമായി ബാധിക്കുമെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. റാങ്ക് പട്ടിക തയാറാക്കുന്നതിന് തൊട്ടുമുമ്പ് മാർക്ക് ഏകീകരണ ഫോർമുലയിൽ എന്തിനാണ് മാറ്റം വരുത്തിയതെന്ന് സുപ്രീംകോടതി ചോദിച്ചു. അടുത്ത വർഷമെങ്കിലും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്നും ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.