കുനാൽ കമ്രക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി

ന്യൂഡൽഹി: സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്രക്കെതിരായ കോടതിയലക്ഷ്യ കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി. കുനാൽ കമ്ര സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുവാദം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടുള്ള ഹരജിക്കാരിലൊരാളുടെ അഭ്യർഥന പ്രകാരമാണ് വാദം കേൾക്കൽ നീട്ടിയത്.

ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ആത്മഹത്യ പ്രേരണക്കേസിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ​ കുനാൽ കമ്ര പോസ്റ്റ് ചെയ്ത ട്വീറ്റുകൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി ലഭിച്ചത്​. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനാൽ കമ്ര ട്വീറ്റ് ചെയ്തിരുന്നു.

ആത്മഹത്യ പ്രേരണക്കേസിൽ അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ഏതാനും ട്വീറ്റുകളാണ് വിവാദമായത്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നുമാണ് അർണബിന്‍റെ കേസിനെ കുറിച്ച് കമ്ര ട്വീറ്റ് ചെയ്തത്.

കുനാൽ കമ്രക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നൽകിയിരുന്നു.

തന്‍റെ ട്വീറ്റുകൾ കോടതിയെ അപമാനിക്കാനുള്ളതല്ലെന്നും താൻ ഉയർത്തിയ വിഷയങ്ങളിലേക്ക് കോടതിയുടെ ശ്രദ്ധ ആകർഷിക്കാൻ ചെയ്തതാണെന്നും കുനാൽ കമ്ര സത്യവാങ്മൂലം നൽകിയിരുന്നു. 

Tags:    
News Summary - Supreme Court To Consider Contempt Cases Against Comedian Kunal Kamra After 4 Weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.