കുൽദീപ് സിങ് സെംഗാർ
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെംഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ് ചെയ്ത ഡൽഹി ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സി.ബി.ഐയുടെ അപ്പീൽ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.
ഉന്നാവോയിലെ സാഹചര്യം ഗുരുതരമാണെന്ന് സ്റ്റേ പുറപ്പെടുവിച്ച് കൊണ്ട് സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമവശങ്ങൾ നിരവധി ചർച്ചകൾ വേണ്ട കേസാണിത്. അതിനാൽ വിശദമായ വാദം കേൾക്കേണ്ടതുണ്ട്. തടവുശിക്ഷ സസ്പെൻഡ് ചെയ്തെങ്കിലും പ്രതി ഇപ്പോഴും ജയിലിലാണ്. ജാമ്യത്തിൽ ഇറങ്ങിയിരുന്നെങ്കിൽ പ്രതിയുടെ ഭാഗം കൂടി കേട്ട ശേഷമെ വിധി പറയാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, പ്രതി പുറത്തിറങ്ങാത്ത സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ല. കേസിൽ കക്ഷി ചേരാൻ അതിജീവിതക്ക് കോടതി അനുമതിയുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബി.ജെ.പി നേതാവിന് അനുകൂലമായ ഡൽഹി ഹൈകോടതി വിധിക്ക് പിന്നാലെ അതിജീവിതയും മാതാവും നീതിക്കായി തെരുവിലിറങ്ങിയിരുന്നു. ഞായറാഴ്ച ജന്തർമന്തറിൽ സമരത്തിനിടെ ഇരുവരും കുഴഞ്ഞുവീണിരുന്നു.
വനിതാ ആക്ടിവിസ്റ്റ് യോഗിത ഭയാന, കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി ഹൈകോടതിക്കും പാർലമെന്റ് മന്ദിരത്തിനും മുന്നിൽ അതിജീവിതക്കായി നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് ഞായറാഴ്ച കോൺഗ്രസിന്റെയും എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങിയ ഇടതു വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർ ജന്തർമന്തറിൽ സമരം നടത്തിയത്.
ഈ സമരത്തിലേക്കാണ് അതിജീവിതയും മാതാവുമെത്തിയത്. ഹൈകോടതി വിധിയെ തുടർന്ന് ഇന്ത്യ ഗേറ്റിൽ സമരം നടത്തിയ അതിജീവിതയെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തിരുന്നു. അതിനുശേഷമാണ് മുംതാസ് പട്ടേലും യോഗിതയും അടക്കമുള്ളവർ ഹൈകോടതിക്കും പാർലമെന്റിനു മുന്നിലും കുത്തിയിരിപ്പ് സമരം നടത്തിയത്.
സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ ഹൈകോടതി വിധി റദ്ദാക്കി തനിക്ക് നീതി നൽകുമെന്നാണ് പ്രതീക്ഷിയെന്ന് അതിജീവിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബത്തിലെ രണ്ടുപേർ കൊല്ലപ്പെട്ട ശേഷവും തനിക്കും കുടുംബത്തിനും ഭീഷണി തുടരുകയാണ്. അതിനാൽ കുൽദീപ് സെംഗറിനെ ജാമ്യത്തിൽ വിട്ടാൽ തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാകും. തനിക്കും കുടുംബത്തിനും ഉള്ള പോലീസ് സംരക്ഷണം എടുത്തു കളഞ്ഞതിനാൽ സുരക്ഷ അപകടത്തിലാണെന്നും അവർ പറഞ്ഞു.
അതേസമയം, ഉന്നാവോ ബലാത്സംഗ കേസ് മുഖ്യപ്രതിയും ബി.ജെ.പി മുൻ എം.എൽ.എയുമായ കുൽദീപ് സെംഗറിന് സഹായകരമായ രീതിയിൽ അന്വേഷിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സി.ബി.ഐ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. സെംഗറിനെ രക്ഷിക്കാൻ തന്റെ ജനനത്തീയതി തെറ്റാണെന്ന് കാണിക്കാൻ താൻ പഠനം നടത്താത്ത സർക്കാർ സ്കൂളിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ വ്യാജരേഖ ചമച്ചുവെന്നും ആറ് പേജുള്ള പരാതിയിൽ അതിജീവിത ബോധിപ്പിച്ചു.
2017ൽ ബലാത്സംഗത്തിനിരയാകുമ്പോൾ ബാലികയായിരുന്ന അതിജീവിതയുടെ ജനനത്തീയതിയിൽ കൃത്രിമം കാണിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചത്. ഇതു കൂടാതെ ഹീരാ സിങ് എന്ന യുവതിയുടെ മൊബൈൽ അതിജീവിത ഉപയോഗിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രത്തിൽ എഴുതിച്ചേർന്നെന്നും പരാതിയിലുണ്ട്.
എന്തുകൊണ്ടാണ് കുൽദീപിന് ജാമ്യം അനുവദിച്ചതെന്ന് ചോദിക്കാൻ ശനിയാഴ്ച രാവിലെ താൻ ഡൽഹി ഹൈകോടതിയിൽ പോയിരുന്നു എന്ന് അതിജീവിത പറഞ്ഞു. എന്നാൽ, കോടതി അടച്ചിട്ടിരിക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. അതിനുശേഷമാണ് സി.ബി.ഐ ഓഫിസിലേക്ക് പോയത്.
എന്നാൽ, സി.ബി.ഐ ഓഫിസും അവധിയാണെന്നും തിങ്കളാഴ്ച വരണമെന്നും ആവശ്യപ്പെട്ട് തിരിച്ചയക്കുകയായിരുന്നെന്നും അതിജീവിത പറഞ്ഞു. ഇതിനെ തുടർന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അന്വേഷണ ഉദ്യോഗസ്ഥനും സെംഗറുമായുള്ള ബന്ധത്തെക്കുറിച്ച് പരാതി നൽകിയതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.