വിജയ് മല്യ
മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെതിരെ ഇന്ത്യൻ സാമ്പത്തിക കുറ്റവാളി വ്യവസായി വിജയ് മല്യ നൽകിയ ഹരജിയിൽ കടുത്ത നിലപാടുമായി ബോംബെ ഹൈകോടതി. വിദേശത്ത് കഴിയുന്ന വിജയ് മല്യ തിരിച്ചുവരുമെന്ന് ഉറപ്പുനൽകാതെ ഹരജി പരിഗണിക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും അതിനായി ഒരവസരംകൂടി നൽകുകയാണെന്നും ജസ്റ്റിസുമാരായ ചന്ദ്രശേഖർ, ഗൗതം അങ്കഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനും അങ്ങനെ പ്രഖ്യാപിച്ച ഫുജിറ്റീവ് ഇക്കണോമിക് ഒഫന്റേഴ്സ് നിയമത്തിനും എതിരെ വിജയ് മല്യ നൽകിയ ഹരജിയുമായി ബന്ധപ്പെട്ടാണ് കോടതി കർശന നിലപാടെടുത്തത്. ഹരജി പരിഗണിക്കണമെങ്കിൽ മല്യ ഇന്ത്യയിൽ തിരിച്ചെത്തണമെന്ന് കഴിഞ്ഞ ഡിസംബറിൽ തന്നെ കോടതി വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച ഹരജി പരിഗണിക്കാനെടുത്തപ്പോൾ അവസാന അവസരം നൽകുകയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങുമോ എന്ന് അടുത്ത 18ന് രേഖാമൂലം അറിയിക്കാനാണ് കോടതി നിർദേശം. 2016ൽ ഇന്ത്യ വിട്ട വിജയ് മല്യ ബ്രിട്ടനിലാണ് കഴിയുന്നത്. അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ നടപടികൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.