ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെയും ദേശീയ പണിമുടക്കിന് പിന്തുണ നൽകിയും പാർലമെന്റിന് പുറത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം
ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെയും ദേശീയ പണിമുടക്കിന് പിന്തുണ നൽകിയും പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം. വ്യാഴാഴ്ച സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് പാർലമെന്റ് കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച എം.പിമാർ ലോക്സഭ ആരംഭിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ ചോദ്യോത്തരവേള ഒഴിവാക്കി സഭ 12 മണിവരെ പിരിഞ്ഞു. അമേരിക്കയുമായുള്ള വ്യാപാര കരാറിനെ ‘ട്രാപ് ഡീൽ’ എന്ന് വിശേഷിപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് എം.പിമാർ രംഗത്തെത്തിയത്.
ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ സംബന്ധിച്ച ഉയരുന്ന ആശങ്കകൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം മനീഷ് തിവാരിയും ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ദേശീയ പണിമുടക്ക് സംബന്ധിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രനും നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയില്ല.
തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങൾക്കും പോരാട്ടങ്ങൾക്കും ഒപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ദേശീയ പണിമുടക്കിന് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് തൊഴിലാളികളും കർഷകരും അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ തെരുവിലിറങ്ങിയിരിക്കുകയാണ്. യു.എസുമായുള്ള വ്യാപാരക്കരാർ തങ്ങളുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുമെന്ന് കർഷകർ ഭയപ്പെടുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: പുതിയ ലേബർകോഡിനെതിരായ രാജ്യവ്യാപക പണിമുടക്ക് നടന്ന വ്യാഴാഴ്ച പാർലമെന്റിലും ചൂടേറിയ ചർച്ച. ലേബർ കോഡുകളുടെ ഭാഗമായ വ്യവസായബന്ധ കോഡിൽ ഭേദഗതി നിർദേശിക്കുന്ന ബിൽ വ്യാഴാഴ്ച സഭയിൽ അവതരിപ്പിച്ച ശേഷം നടന്ന ചർച്ച, രാജ്യത്ത് പണിമുടക്ക് നടക്കാനുണ്ടായ സാഹചര്യം അടക്കം വിശദീകരിക്കാൻ പ്രതിപക്ഷം ഉപയോഗപ്പെടുത്തി.
വ്യാഴാഴ്ച തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ലോക്സഭയിൽ വ്യവസായബന്ധ കോഡിൽ ഭേദഗതി നിർദേശിക്കുന്ന ബിൽ അവതരിപ്പിച്ചത്. തൊഴിൽ യൂനിയനുകൾ, വ്യവസായ തൊഴിൽ, വ്യവസായ തർക്കങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 1926ലെ ട്രേഡ് യൂനിയൻസ് ആക്ട്, 1946ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ്) ആക്ട്, 1947ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് എന്നിവക്ക് പകരമായി ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിലെ വ്യവസ്ഥകളായിരിക്കും ഇനിയുണ്ടാവുക.
ബിൽ സഭയിൽ വെക്കുമ്പോൾതന്നെ രാജ്യത്തിന്റെ തെരുവുകളിൽ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നുവെന്നും അത് വെറും പ്രതിഷേധമല്ല, അവരുടെ ജീവിതത്തിനും അന്തസ്സിനും വേണ്ടിയുള്ള നിലവിളിയാണെന്നും ചർച്ചക്ക് തുടക്കമിട്ട് സംസാരിച്ച കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 300 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലുകൾക്ക് സർക്കാർ അനുമതി വേണ്ടെന്ന വ്യവസ്ഥ ഭൂരിഭാഗം തൊഴിലാളികളെയും സംരക്ഷണവലയത്തിന് പുറത്താക്കുന്നതാണ്. സ്ഥിരകാല തൊഴിൽ എന്ന പേരിൽ സ്ഥിരതയില്ലാത്ത തൊഴിൽരീതികളെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ സര്ക്കാറെന്നാകും നിങ്ങളെ അടയാളപ്പെടുത്തുകയെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു. സ്ഥിരം ജോലി എന്നത് പൂര്‍ണമായും ഇല്ലാതായിരിക്കുന്നുവെന്നും തൊഴില്‍ ദാതാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി തൊഴിലാളികളുടെ അവകാശം മറന്നുപോയിരിക്കുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീർ വിശദീകരിച്ചു. തൊഴിലാളികള്‍ രാജ്യത്തിന്റെ സ്വത്താണെന്നും അതുകൊണ്ടുതന്നെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.