സരസ്വതി പൂജക്ക് സംഭാവന നൽകിയില്ല; കുട്ടികളെ ഏത്തമിടീച്ചും ഉച്ചഭക്ഷണം നിഷേധിച്ചും സ്കൂൾ അധികൃതർ

റാഞ്ചി: സരസ്വതി പൂജക്ക് സംഭാവനയായി 100 രൂപ കൊണ്ടുവരാത്തതിന് വിദ്യാർഥികളെ ശിക്ഷിച്ച് സ്കൂൾ അധികൃതർ. ഝാര്‍ഖണ്ഡിലെ ധുംകയിലെ ജര്‍മുണ്ടി ഗേള്‍സ് മിഡില്‍ സ്‌കൂളിലാണ് പണം കൊണ്ടുവരാത്ത കുട്ടികളെ 100 തവണ ഏത്തമിടീക്കുകയും ഉച്ചഭക്ഷണം നിഷേധിക്കുകയും ചെയ്തത്.

സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില രക്ഷിതാക്കളും വിദ്യാർഥികളും ഡെപ്യൂട്ടി കമീഷണർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപകൻ സരസ്വതി പൂജക്കായി ഓരോ വിദ്യാർഥിയിൽ നിന്നും 100 രൂപ സംഭാവന ആവശ്യപ്പെട്ടതായി അവർ ആരോപിച്ചു. പൂജക്ക് ശേഷം പണം കൊണ്ടുവരാത്ത വിദ്യാർഥികളെ ഉപദ്രവിക്കുകയും സ്കൂളിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു.

വീട്ടിൽ നിന്ന് സംഭാവന കൊണ്ടുവരാൻ ഹെഡ്മാസ്റ്റർ നിർദ്ദേശിച്ചതായി വിദ്യാർഥികൾ പറഞ്ഞു. സരസ്വതി പൂജക്ക് സംഭാവനയായി 100 രൂപ കൊണ്ടുവരാൻ തന്നോട് ആവശ്യപ്പെട്ടതായി ഏഴാം ക്ലാസ് വിദ്യാർഥിനിയായ നീതു കുമാരി പറഞ്ഞു. 'ഞാൻ പണം നൽകാൻ വിസമ്മതിച്ചപ്പോൾ, പൂജക്ക് ശേഷം 100 തവണ ഏത്തമിടീപ്പിക്കുകയും ഉച്ചഭക്ഷണം നിഷേധിക്കുകയും ചെയ്തു' -വിദ്യാർഥിനി പറഞ്ഞു.

ഭക്ഷണം കഴിക്കാതെ ഏത്തമിട്ടതിനാൽ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചപ്പോൾ അനുവദിച്ചില്ലെന്നും കുട്ടി പറഞ്ഞു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടി അമ്മ റീത്ത ദേവിയോട് സംഭവം പറഞ്ഞു. എന്നാൽ ഇതുവരെ രേഖാമൂലമുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ധുംക ഡെപ്യൂട്ടി കമീഷണർ അഭിജിത് സിൻഹ പറഞ്ഞു. ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Students, unable to pay donation for Saraswati Puja, made to do 100 sit ups in Jharkhand school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.