ന്യൂഡൽഹി: ബാബറിന്റെയോ ബാബരി മസ്ജിദിന്റെയോ പേരിൽ പള്ളി നിർമിക്കുന്നത് രാജ്യവ്യാപകമായി തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹരജി പരിഗണിക്കാൻ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഹരജി തളളിയത്.
ബാബർ എന്ന പേരിൽ മസ്ജിദുകൾ നിർമിക്കുകയോ പേരുകൾ നൽകുകയോ ചെയ്യുന്നത് തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും നടപടി എടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ബാബറിനെ അധിനിവേശക്കാരനായിരുന്നു എന്നും ബാബർ ഹിന്ദുക്കളെ അടിമകൾ എന്ന് വിളിച്ചിരുന്നുവെന്നും ഹരജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു.
ഇന്ത്യയിലെവിടെയും ബാബറിന്റെ പേരിലോ ബാബരി മസ്ജിദിന്റെ പേരിലോ പള്ളി നിർമിക്കുന്നതിന് അധികാരികൾ അനുമതി നൽകരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹരജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചതോടെ ഹരജിക്കാരൻ കേസ് പിൻവലിക്കാൻ അനുവാദം തേടി. തുടർന്ന് കേസ് പിൻവലിച്ചതായി കോടതി രേഖപ്പെടുത്തി.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ബാബരി മസ്ജിദ് മാതൃകയിൽ പളളി നിർമിക്കാൻ തൃണമൂൽ കോൺഗ്രസിലെ മുൻ അംഗം ഹുമയൂൺ കബീറിന്‍റെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരുന്നു. പള്ളി നിര്‍മ്മിക്കുന്നതിനെതിരെ വിശ്വഹിന്ദു രക്ഷാ പരിഷത്ത് വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ലോകാവസാനം വരെ ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.