സി.പി.എം -ബി.ജെ.പി ഡീൽ: വിഷയം ‘ഇൻഡ്യ’ യോഗത്തിൽ ഉന്നയിച്ച് ബ്രിട്ടാസ്; പറഞ്ഞതിലുറച്ച് രാഹുൽ

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽനിന്ന് സി.പി.എം വ്യതിചലിക്കുന്നുവെന്നും ഇൻഡ്യ സഖ്യ യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഇൻഡ്യ സഖ്യത്തിന്റെ സഹകരണ മനോഭാവത്തിന് നിരക്കാത്തതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയതെന്ന് സി.പി.എമ്മിനുവേണ്ടി യോഗത്തിൽ പങ്കെടുത്ത രാജ്യസഭ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് ആരോപിച്ചതിന് മറുപടിയായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. സങ്കുചിത രാഷ്ട്രീയത്തിനുവേണ്ടി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. യോഗത്തിൽ ജോൺ ബ്രിട്ടാസിനെ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയും പിന്തുണച്ചു.

കേരളത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്ന് ശരിവെച്ച രാഹുൽ ഗാന്ധി, താൻ എന്താണ് പറഞ്ഞത് അതിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. ഇടതുപക്ഷത്തിൽനിന്നും സി.പി.എം വ്യതിചലിക്കുന്നത് തെളിയിക്കുന്ന നിരവധി കാര്യങ്ങൾ തനിക്കറിയാമെന്നും ഇവിടെ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡ്യ സഖ്യം ദേശീയതലത്തിലാണ്. ഒരോ പാർട്ടിക്കും സംസ്ഥാനതല നേതൃത്വമുണ്ട്. അവർ പറയുന്നതിന് അനുസരിച്ചാണ് സംസ്ഥാനങ്ങൾ തീരുമാനമെടുക്കുന്നതും പ്രചാരണം നടത്തുന്നതെന്നും രാഹുൽ വിശദീകരിച്ചു. കേരളത്തിലെ സി.പി.എമ്മുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും പറഞ്ഞു.

കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ ഇൻഡ്യ മുന്നണി യോഗത്തിനുമുമ്പ് വ്യക്തത നൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചിരുന്നു.

ഇതിൽ മറുപടി ലഭിക്കാത്തതിനെ തുടർന്ന് യോഗത്തിൽ നിന്നും എം.എ. ബേബി വിട്ടു നിൽക്കുകയും പകരം രാജ്യസഭ കക്ഷി നേതാവിനെ പങ്കെടുപ്പിക്കുകയുമായിരുന്നു. വിഷയത്തിൽ ഒരുമിച്ചിരുന്ന് സംസാരിക്കാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി യോഗത്തിനുശേഷം ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - John Brittas Raises CPM-BJP Deal Issue in INDIA Bloc Meet; Rahul Stands Firm on His Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.