റൗഡികൾ ജാ​ഗ്രതൈ; ‘റൗഡി സ്ക്വാഡുകൾ’ സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ

ബംഗളൂരു: സംസ്ഥാനത്തെ റൗഡി പ്രവർത്തനങ്ങൾ തടയുന്നതിനും നിരന്തരം നിരീക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുയും ചെയ്യുന്നതിന്‍റെ ഭാഗമായി എല്ലാ പൊലീസ് സർക്കിളുകളിലും സ്റ്റേഷൻ പരിധികളിലും റൗഡി സ്ക്വാഡ് രൂപവത്കരിക്കാന്‍ കർണാടക സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ജൂൺ നാലിന് നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാ താലൂക്കുകളിലും റൗഡി സംഘത്തെ നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക സ്ക്വാഡ് രൂപവത്ക്കരിക്കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സർക്കിൾ ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലായിരിക്കും ഓരോ പൊലീസ് സർക്കിളിലെയും സ്ക്വാഡ് പ്രവര്‍ത്തനം. പൊലീസ് സ്റ്റേഷനുകളിൽ ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്റ്റേഷൻ തല റൗഡി സ്ക്വാഡും രൂപവത്കരിക്കും. കർണാടക പൊലീസ് ഡയറക്ടറും ഇൻസ്പെക്ടർ ജനറലുമായ എം.എ. സലീം ജൂൺ അഞ്ചിന് പുറത്തിറക്കിയ സർക്കുലറിലാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രദേശത്തെ ആവശ്യകതയും കുറ്റകൃത്യങ്ങളുടെ സാഹചര്യവും കണക്കിലെടുത്ത് ബന്ധപ്പെട്ട സബ് ഡിവിഷനൽ പൊലീസ് ഓഫിസർ/എ.സി.പി ആയിരിക്കും സ്ക്വാഡിന്‍റെ ഘടന തീരുമാനിക്കുക. വ്യക്തികൾക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ പരിശോധിക്കുക, സാധ്യമാകുന്നിടത്തെല്ലാം പുതിയ റൗഡി ഷീറ്റുകൾ തുറക്കുക എന്നിവ റൗഡി സ്ക്വാഡുകളുടെ ചുമതലകളിൽ ഉൾപ്പെടും.

കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അധികാരപരിധിയിലുള്ള എല്ലാ റൗഡി ഷീറ്റർമാരെയും സാമൂഹിക വിരുദ്ധരെയും കുറിച്ചുള്ള അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ സൂക്ഷിക്കുക, നിയമപ്രകാരം റൗഡി ഷീറ്റർമാരുടെ പ്രവർത്തനങ്ങൾ, നീക്കങ്ങൾ, കൂട്ടായ്മകൾ എന്നിവയെക്കുറിച്ച് പതിവായി നിരീക്ഷണം നടത്തുകയും പരിശോധിക്കുകയും ചെയ്യുക, പുതുതായി രൂപവത്കരിക്കുന്ന റൗഡി സംഘങ്ങള്‍ , ക്രിമിനൽ ഗ്രൂപ്പുകൾ എന്നിവയെ തിരിച്ചറിയുകയും അവര്‍ക്കെതിരെ നടപടി എടുക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക, പൊതുസമാധാനത്തെയും ശാന്തതയെയും ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വ്യക്തികളെ നിരീക്ഷിക്കുക എന്നിവയാണ് സ്ക്വാഡിന്‍റെ മറ്റ് പ്രവർത്തനങ്ങൾ.

പ്രിവന്‍റീവ് ആക്ഷൻ റിപ്പോർട്ട്, ഗുണ്ടാ ആക്ട്, കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട് എന്നിവ നടപ്പാക്കല്‍, റൗഡികളെ തടവിലാക്കൽ നടപടിക്രമങ്ങൾ തുടങ്ങിയ പ്രതിരോധ നടപടികൾ സ്ക്വാഡുകൾ ആരംഭിക്കുകയും ഗുണ്ടാസംഘങ്ങൾക്കെതിരെ വാറണ്ടുകൾ, ബോണ്ടുകൾ, മറ്റ് നിയമപരമായ നടപടികൾ എന്നിവ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക. രണ്ടാഴ്ച കൂടുമ്പോൾ സർക്കിൾ ഇൻസ്പെക്ടർമാരും സ്റ്റേഷൻ ഹൗസ് ഓഫിസർമാരും റൗഡി സ്ക്വാഡുകളുടെ പ്രവർത്തനം നേരിട്ട് അവലോകനം ചെയ്യുക. പ്രതിമാസ ക്രൈം മീറ്റിങ്ങുകളിൽ സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാർ/എ.സി.പിമാർ റൗഡി സ്ക്വാഡുകളുടെ പ്രകടനം അവലോകനം ചെയ്യണം.

കർണാടക പൊലീസ് മാനുവലും നിലവിലുള്ള നിർദേശങ്ങളും അനുസരിച്ച് എല്ലാ റൗഡി ഷീറ്റുകളും ഇടക്കിടെ അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് യൂനിറ്റ് മേധാവികൾ ഉറപ്പാക്കണം. കൂടാതെ റൗഡി സ്ക്വാഡിന്‍റെ പ്രവർത്തനങ്ങളും നേട്ടങ്ങളും രേഖപ്പെടുത്തുന്നതിനായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. അക്രമത്തിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത ഇല്ലാത്ത സമീപനം എല്ലാ ഉദ്യോഗസ്ഥരും കൈക്കൊള്ളണമെന്നും സർക്കുലറിൽ നിര്‍ദേശമുണ്ട്.

Tags:    
News Summary - Karnataka government plans to set up 'Rowdy Squads'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.