‘പശ്ചിമ ബംഗാളിലെ ജനം തൃണമൂൽ കോൺഗ്രസിനെ കൈവിട്ടു’ -രാജി ജനവിധി മാനിച്ചെന്ന് സുകേന്ദു

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ജനവിധി മാനിച്ചാണ് രാജ്യസഭാംഗത്വം രാജിവെച്ചതെന്ന് മുൻ തൃണമൂൽ നേതാവ് സുകേന്ദു ശേഖർ റോയ്. തുടർച്ചയായ 15 വർഷത്തെ ഭരണത്തിനുശേഷം പശ്ചിമ ബംഗാളിലെ ജനം തൃണമൂൽ കോൺഗ്രസിനെ കൈവിട്ടതായി സുകേന്ദു രാജി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമം, ക്രമസമാധാന തകർച്ച എന്നിവയും വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തൊഴിൽ തുടങ്ങിയ മേഖലകളിലെ ഭരണപരാജയവുമാണ് ഇതിന് കാരണം. ദേശീയ തലത്തിൽ പാർട്ടിയിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന നേതാക്കളുടെ ആസ്തികളും സമ്പത്തും പരിശോധിക്കണം. സംഘടനക്കുള്ളിലെ നിരവധി സത്യസന്ധരായ ശബ്ദങ്ങൾ അരികുവത്കരിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

ജനവിധി മാനിച്ചുകൊണ്ടാണ് രാജി. വേറെ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും സജീവ രാഷ്ട്രീയത്തിൽനിന്നുപോലും വിരമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആഭ്യന്തര തർക്കം രൂക്ഷമായ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി തിങ്കളാഴ്ചയാണ്, മുതിർന്ന നേതാവും രാജ്യസഭ എം.പിയുമായ സുകേന്ദു ശേഖർ റോയ് പാർട്ടി അംഗത്വവും എം.പി സ്ഥാനവും രാജിവെച്ചത്. രാജ്യസഭ ചെയർമാനെ കണ്ട് രാജി സമർപ്പിച്ചതായും പാർട്ടിയിൽനിന്ന് രാജിവെക്കാനുള്ള തീരുമാനം വാട്സ് ആപ് വഴിയും ഇ-മെയിൽ വഴിയും മമത ബാനർജിയെ അറിയിച്ചതായും സുകേന്ദു റോയ് പറഞ്ഞു. രാജ്യസഭ ചെയർമാൻ രാജി അംഗീകരിച്ചതായി രാജ്യസഭ സെക്രട്ടേറിയറ്റ് അറിയിച്ചു. ഭരണഘടനാ വിദഗ്ധനായ സുകേന്ദു വർഷങ്ങളായി പാർലമെന്റിൽ ടി.എം.സിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ് ഇദ്ദേഹം.

മുൻ മുഖ്യമന്ത്രി മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പങ്കെടുക്കുന്ന ഇൻഡ്യ മുന്നണി യോഗത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സുകേന്ദു ഡൽഹിയിൽ രാജി തീരുമാനം പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.