‘20 തൃണമൂൽ എം.പിമാർ എൻ.ഡി.എയെ പിന്തുണക്കും, പ്രത്യേക ബ്ലോക്കായി ഇരിക്കും’; സ്പീക്കർക്ക് കത്തെഴുതിയെന്ന് വിമത എം.പി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ 20 ലോക്സഭാ അംഗങ്ങൾ പ്രത്യേക പാർലമെന്ററി ബ്ലോക്ക് രൂപവത്കരിച്ച് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയെ പിന്തുണക്കാൻ തീരുമാനിച്ചതായി വിമത എം.പി കകോലി ഘോഷ് ദസ്തിദാർ. നിലപാട് ലോക്സഭാ സ്പീക്കർക്ക് രേഖാമൂലം അറിയിച്ചതായും അവർ വ്യക്തമാക്കി.

പാർട്ടി വിപ്പ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ വിമത നിലപാട് സ്വീകരിച്ച കകോലി ഘോഷ് ദസ്തിദാർ, ജനവിധിയെ മാനിച്ചാണ് തങ്ങളുടെ ഭാവി രാഷ്ട്രീയവഴി എൻ.ഡി.എയുമായി ചേർന്നാകണമെന്ന് തീരുമാനിച്ചതെന്നും പറഞ്ഞു. ഏകദേശം 20 എം.പിമാർ പുതിയ ബ്ലോക്കിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ ആദ്യമായി ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് തൃണമൂലിൽ വൻ പിളർപ്പ് ഉണ്ടായിരിക്കുന്നത്.

‘ഞങ്ങൾ 20 എം.പിമാരുടെ ഒരു ബ്ലോക്ക് രൂപവത്കരിക്കുകയും എൻ.ഡി.എക്ക് പിന്തുണ നൽകുകയും ചെയ്യും. കകോലി ഘോഷ് ദസ്തിദാർ ഞങ്ങളുടെ ചീഫ് വിപ്പാകും. ശതാബ്ദി റോയ് ഉപനേതാവുമാകും’ -വിമത എം.പിമാരിൽ ഒരാളായ ശർമിള സർക്കാർ പറഞ്ഞു.

അതേസമയം, ചില വിമത തൃണമൂൽ എം.പിമാർ ഡൽഹിയിൽ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച, വിമത എം.പിമാരായ സുഖേന്ദു ശേഖർ റേയുടെയും ​കകോലി ഘോഷിന്റെയും നേതൃത്വത്തിൽ 13ഓളം തൃണമൂൽ കോൺഗ്രസ് എം.പിമാർ പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ പിളർപ്പുണ്ടാകുമെന്ന അഭ്യൂഹങ്ങൾ വർധിച്ചുവരുന്നതിനിടെയായിരുന്നു നീക്കം.

പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവായി മമത ബാനർജി ശോഭന്ദേബ് ചാറ്റർജിയെ തീരുമാനിച്ചത് മുതലാണ് പാർട്ടിക്കുള്ളിലെ പിളർപ്പ് പ്രകടമായത്. വിമത എം.എൽ.എമാർ ചേർന്ന് മമതയുടെ തീരുമാനം തള്ളുകയും ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുകയും ചെയ്തിരുന്നു. ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായത്.

അതിനിടെ, ടി.എം.സി മേധാവി മമത ബാനർജി തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യ സഖ്യ യോഗത്തിൽ പ​ങ്കെടുത്തിരുന്നു. യോഗത്തിൽ 25 പ്രതിപക്ഷ പാർട്ടികൾ ​പ​ങ്കെടുത്തതായും അഞ്ച് സുപ്രധാന തീരുമാനങ്ങൾ എടുത്തതായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വരും തീരുമാനങ്ങൾക്കായി ഇന്ത്യ സഖ്യം ഇനിയും യോഗം ​ചേരുമെന്നും അടുത്ത യോഗം ആഗസ്റ്റിൽ ഹൈദരാബാദിൽ ചേരുമെന്നും ഖാർഗെ പറഞ്ഞു.

Tags:    
News Summary - Trinamools Kakoli Dastidar Says 20 MPs Will Support NDA Written To Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.