നട്ടെല്ലും ഉളുപ്പുമുണ്ടോ യൂസഫ് പത്താൻ? അമിത് ഷാ വിളിച്ചതുകൊണ്ടല്ലേ ഡൽഹിക്ക് ഓടുന്നത്? -രൂക്ഷവിമർശനവുമായി മഹുവ മൊയ്ത്ര

ന്യൂഡൽഹി: തൃണമുൽ കോൺഗ്രസിലെ പിളർപ്പിനിടെ എൻ‌.ഡി‌.എയെ പിന്തുണച്ച് 20 തൃണമൂൽ എം‌.പിമാർ സ്പീക്കർക്ക് കത്തെഴുതിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പാർട്ടിയിലെ മുതിർന്ന നേതാവും എം.പിയുമായ മഹുവ മൊയ്ത്ര. അമിത് ഷാ നിങ്ങളെ വിളിച്ചതുകൊണ്ടല്ലേ നിങ്ങൾ ഡൽഹിയിലേക്ക് ഓടുന്നതെന്ന് ബഹ്റാംപൂർ എം.പിയും മുൻ ക്രിക്കറ്ററുമായ യൂസഫ് പത്താനോട് മഹുവ ചോദിച്ചു.

‘യൂസഫ് പത്താൻ, അമിത് ഷാ വിളിച്ചതുകൊണ്ടല്ലേ നിങ്ങൾ ഡൽഹിയിലേക്ക് ഓടുന്നത്? ധൈര്യമുണ്ടോ നിങ്ങൾക്ക്? നിങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചു. ഞങ്ങളുടെ ജില്ല നിങ്ങളെ വലിയ ഭൂരിപക്ഷത്തിൽ വോട്ട് ചെയ്തു ജയിപ്പിച്ചു. ഇത്തിരി നാണവും നട്ടെല്ലും കാണിക്കൂ’ -മഹുവ എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാ​ലെയാണ് തൃണമൂൽ കോൺഗ്രസ് തകർന്നത്. പിളർപ്പ് ലോക്സഭ പാർലമെന്ററി പാർട്ടിയിലേക്കും വ്യാപിക്കുകയായിരുന്നു. എൻ‌.ഡി‌.എയെ പിന്തുണച്ച് 20 ടി.എം.സി എം‌.പിമാർ സ്പീക്കർക്ക് കത്തെഴുതി. ഇതോടെ, പാർലമെന്റിൽ എൻ.ഡി.എ സർക്കാറിന് കൂടുതൽ കരുത്തു കൈവരും. തൃണമുൽ ചീഫ് വിപ്പ് കക്കോളി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് എം‌.പിമാർ സ്പീക്കർ ഓം ബിർളക്ക് കത്തെഴുതിയത്.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സി ഘോഷ് ദസ്തിദാറിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കി പകരം കല്യാൺ ബാനർജിയെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അത് ലോക്സഭ സെക്രട്ടേറിയറ്റിനെ അറിയിച്ചിരുന്നില്ല. ലോക്സഭയിൽ പാർട്ടിയുടെ ചീഫ് വിപ്പായി താൻ തുടരുമെന്ന് അവകാശപ്പെട്ട ഘോഷ് ദസ്തിദാർ, മറ്റ് അംഗങ്ങളുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും പറഞ്ഞു. ടി.എം.സിയിൽനിന്ന് ഉടൻ രാജിവെക്കുകയോ ബി.ജെ.പിയിൽ ചേരുകയോ ചെയ്യേണ്ടതില്ലെന്നാണ് എം.പിമാരുടെ തീരുമാനം. പകരം, കൂറുമാറ്റ നിരോധന നിയമപ്രകാരം സംരക്ഷണം ഉറപ്പാക്കി എൻ.ഡി.എയെ പിന്തുണക്കാനും പ്രത്യേക പാർലമെന്ററി ബ്ലോക്കായി പ്രവർത്തിക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. ടി.എം.സിക്ക് നിലവിൽ 28 ലോക്സഭ എം.പിമാരാണുള്ളത്. അതിൽ 20 എം.പിമാരുടെ പിന്തുണയു​ള്ളതിനാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം സംരക്ഷണം ലഭിക്കും.

അതിനിടെ, മുതിർന്ന നേതാവും രാജ്യസഭ എം.പിയുമായ സുകേന്ദു ശേഖർ റോയ് പാർട്ടി അംഗത്വവും എം.പി സ്ഥാനവും രാജിവെച്ചതും തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി. ഭരണഘടനാ വിദഗ്ധനായ സുകേന്ദു വർഷങ്ങളായി പാർലമെന്റിൽ ടി.എം.സിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ്. രാജി​വെച്ച അദ്ദേഹം പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം ടി.എം.സി അധ്യക്ഷ മമത ബാനർജി ഇൻഡ്യ മുന്നണി യോഗത്തിനായി ദേശീയ തലസ്ഥാനത്ത് എത്തിയ അതേ സമയത്ത് പാർട്ടിയിലെ വിമത എം.പിമാർ രഹസ്യ യോഗം നടത്തിയിരുന്നു. ഞായറാഴ്ച രാത്രി ഡൽഹിയിലെ രഹസ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ 20 ഓളം എം.പിമാരാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകുന്നില്ലെന്ന് നിരവധി എം.പിമാർ യോഗത്തിൽ ഉന്നയിച്ചതായി ഒരു ടി‌.എം‌.സി നേതാവ് പറഞ്ഞു. രഹസ്യ യോഗത്തിന്റേതെന്ന് പറയപ്പെടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുൻകൂർ അനുമതിയില്ലാതെ യോഗ ചിത്രങ്ങൾ പകർത്തിയത് ചില അംഗങ്ങൾ എതിർത്തത് വാക്കേറ്റത്തിന് കാരണമായതായും റിപ്പോർട്ടുണ്ട്.

നേരത്തെ പശ്ചിമ ബംഗാളിൽ സോവന്ദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവാക്കാനുള്ള പാർട്ടി ഹൈകമാൻഡ് തീരുമാനം തള്ളി, ടി.എം.സിയുടെ 80 എം‌.എൽ‌.എമാരിൽ 58 പേർ ​ഋതബ്രത ബാനർജിയെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.