ഒഡീഷയിൽ നിന്ന് മൈസൂർ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ഉപയോഗിച്ച ലോറി. ഉണങ്ങിയ കഞ്ചാവ് പാക്കറ്റുകൾ ഒളിപ്പിക്കാൻ മറയായി ഉപയോഗിച്ച തെങ്ങിൻ തൈകൾ
മൈസൂരു: തെങ്ങിൻ തൈകളെന്ന വ്യാജേന കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് കടത്താൻ ശ്രമിച്ച ലോറി പിടികൂടി. മൈസൂരു നഗരത്തിലെ ബന്നൂർ റോഡിൽ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 1.40 കോടി രൂപ വിലമതിക്കുന്ന 280 കി. ഗ്രാം കഞ്ചാവാന് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി.സി.ബി ഉദ്യോഗസ്ഥർ പുലർച്ചെ നടത്തിയ ദ്രുത പരിശോധനയിലാണ് നഗരത്തിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്തിയത്. മുഹമ്മദ് സുബൈർ (40), മുദാസിർ അഹമ്മദ് (30), അബൂബക്കർ സിദ്ദിഖ്(35), സയ്യിദ് മസർ (38)എന്നിവരെ അറസ്റ്റ് ചെയ്തു.
സിസിബി പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് മലവള്ളിയിൽ നിന്ന് മൈസൂരുവിലേക്ക് കാറിന്റെ അകമ്പടിയോടെ ഒരു ട്രക്കിൽ വൻതോതിൽ കഞ്ചാവ് കടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. അലനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ നദനഹള്ളി ഗേറ്റിന് സമീപമുള്ള ബന്നൂർ റോഡിൽ ചെക്ക്‌പോയിന്റ് സ്ഥാപിക്കുകയും ഹസിരു ഗുഡു നഴ്‌സറിക്ക് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. ലോറി ഉണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ ചരക്ക് വാഹനങ്ങളും പുലർച്ചെ നാല് വരെ തടഞ്ഞുനിർത്തി പരിശോധിച്ചു.
സിറ്റി പൊലീസ് കമ്മീഷണർ സീമ ലട്കർ, ഡിസിപിമാരായ ഡോ. ഹർഷ പ്രിയംവദ, കെ.എസ്. സുന്ദർ രാജ്, സിസിബി പൊലീസ് സംഘം എന്നിവർ പിടിച്ചെടുത്ത ലഹരി വസ്തുക്കളുമായി
കെഎ-01-എംജി-1491 എന്ന കാറിന്റെ അകമ്പടിയോടെ വരികയായിരുന്ന ഐഷർ ട്രക്ക് (കെഎ-51 എഎ-3352) എന്ന വാഹനത്തിൽ തെങ്ങിൻ തൈകൾ കൊണ്ടുപോകുന്നതായി ആദ്യം കണ്ടെത്തി. ചില തൈകൾ പുറത്തും ചിലത് വെളുത്ത ചാക്കുകളിലുമായിരുന്നു. വിശദമായ തിരച്ചിലിൽ ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് ശേഖരം സിസിബി കണ്ടെത്തി.
പ്രാഥമിക അന്വേഷണത്തിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ പങ്കാളിത്തം സൂചിപ്പിക്കുന്നു. ഒഡീഷയാണ് കഞ്ചാവിന്റെ ഉറവിടമെന്നും കർണാടക വഴി കേരളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മൈസൂരുവിലും കേരളത്തിലും കഞ്ചാവ് വിതരണം ചെയ്യാൻ പദ്ധതിയിട്ടിരുന്ന ഒന്നിലധികം ഡീലർമാരും സബ് ഡീലർമാരും ഈ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായവരിൽ മുഹമ്മദ് സുബൈർ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മുമ്പ് കേസുകളുള്ള സ്ഥിരം കുറ്റവാളിയാണെന്നും മറ്റുള്ളവർ ശൃംഖലയിൽ പുതിയവരാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും വിതരണ ശൃംഖല കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സിറ്റി പോലീസ് കമ്മീഷണർ സീമ ലട്കർ പറഞ്ഞു.
സി.സി.ബി അസി. പൊലീസ് കമ്മീഷണർ മുഹമ്മദ് ഷെരീഫ് റാവുത്തർ, ഇൻസ്പെക്ടർ ഷബീർ ഹുസൈൻ, സബ് ഇൻസ്പെക്ടർമാരായ ലെപാക്ഷ, അനിൽ, രേവണ്ണസിദ്ധപ്പ, ചേതൻ, ആദം, സന്തോഷ്, കിരൺ, സമീർ, യശ്വന്ത്, അജാറാം, രാജാസാബ്, സതീഷ്, സിദ്ധരാജു, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.