സിറ്റി പൊലീസ് കമ്മീഷണർ സീമ ലട്കർ, ഡിസിപിമാരായ ഡോ. ഹർഷ പ്രിയംവദ, കെ.എസ്. സുന്ദർ രാജ്, സിസിബി പൊലീസ് സംഘം എന്നിവർ പിടിച്ചെടുത്ത കള്ളക്കടത്തു വസ്തുക്കളുമായി
മൈസൂരു: നഗരത്തിലെ ബന്നൂർ റോഡിൽ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 1.40 കോടി രൂപ വിലമതിക്കുന്ന 280 കിലോ കഞ്ചാവ് പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി.സി.ബി ഉദ്യോഗസ്ഥർ പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്വ്‍യത്. മുഹമ്മദ് സുബൈർ (40), മുദാസിർ അഹമ്മദ്)30), അബൂബക്കർ സിദ്ദിഖ്(35), സയ്യിദ് മസർ (38)എന്നിവരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് മലവള്ളിയിൽനിന്ന് മൈസൂരുവിലേക്ക് ഒരു ട്രക്കിൽ വൻതോതിൽ കഞ്ചാവ് കടത്തുന്ന രഹസ്യ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. കെഎ-01-എംജി-1491 എന്ന കാറിന്റെ അകമ്പടിയോടെ വരികയായിരുന്ന ഐഷർ ട്രക്കിൽ തെങ്ങിൻ തൈകൾ കൊണ്ടുപോകുന്നതെന്ന വ്യാജേന ബാഗുകളിൽ കഞ്ചാവ് കടത്തുകയായിരുന്നു.വിശദ പരിശോധനയിൽ ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് ശേഖരം കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ ഒഡിഷയാണ് കഞ്ചാവിന്റെ ഉറവിടമെന്നും കർണാടക വഴി കേരളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മൈസൂരുവിലും കേരളത്തിലും കഞ്ചാവ് വിതരണം ചെയ്യാൻ പദ്ധതിയിട്ടിരുന്ന ഒന്നിലധികം ഡീലർമാരും സബ് ഡീലർമാരും ഉള്ള അന്തർസംസ്ഥാന കടത്തു സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ മുഹമ്മദ് സുബൈർ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മുമ്പ് കേസുകളുള്ളയാളാണെന്നും മറ്റുള്ളവർ ശൃംഖലയിൽ പുതിയവരാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും സിറ്റി പോലീസ് കമീഷണർ സീമ ലട്കർ പറഞ്ഞു.
അസി. പൊലീസ് കമീഷണർ മുഹമ്മദ് ഷെരീഫ് റാവുത്തർ, ഇൻസ്പെക്ടർ ഷബ്ബീർ ഹുസൈൻ, സബ് ഇൻസ്പെക്ടർമാരായ ലെപാക്ഷ, അനിൽ, രേവണ്ണസിദ്ധപ്പ, ചേതൻ, ആദം, സന്തോഷ്, കിരൺ, സമീർ, യശ്വന്ത്, അജാറാം, രാജാസാബ്, സതീഷ്, സിദ്ധരാജു, സുരേഷ് ബാബു എന്നിവരടങ്ങിയ സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.