തമിഴ്നാട് സർക്കാറിനെ വിമർശിച്ചു; പ്രമുഖ യൂട്യൂബർ മാരിദാസ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും മന്ത്രിമാർക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ മാരിദാസ് അറസ്റ്റിൽ. ഇന്ന് രാവിലെ എട്ടുമണിയോടെ മധുരയിലെ വീട്ടിലെത്തി ​പൊലീസ് കസ്റ്റഡിയിലെടുത്ത മാരിദാസിനെ, തുടർനടപടികൾക്കായി ചെന്നൈയിൽ എത്തിച്ച് വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് ​ചെയ്തത്.

ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മധുര സിറ്റി പൊലീസിന്റെ സഹായത്തോടെ മരിദാസിന്റെ സൂര്യ നഗറിലെ വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്.

സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മരിദാസ്, തമിഴ്‌നാട് രാഷ്ട്രീയത്തിൽ തന്റെ വ്യക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും ഇതിനുമുമ്പും പലതവണ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.

മുൻകാല സർക്കാറുകളുടെ കാലത്തും രാഷ്ട്രീയ നിലപാടുകളുടെ പേരിൽ നിരവധി തവണ നിയമനടപടികളും പൊലീസ് കേസുകളുമുണ്ടായി. തമിഴ്നാട് സർക്കാറിന് പുറമെ, ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ഭാരവാഹികൾക്കെതിരെയും അപകീർത്തി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. 

അതേസമയം, മാരിദാസിനെ അറസ്റ്റ് ചെയ്തതിൽ ബി.ജെ.പി പ്രതിഷേധിച്ചു. ടി.വി.കെ സർക്കാറിന്റെ ‘റീൽസ് മോഡൽ’ ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ചതിനാണ് മാരിദാസിനെ വിജയ്‌യുടെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കുറ്റപ്പെടുത്തി.

അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു. ഡി.എം.കെക്ക് ബദലാണെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ ടി.വി.കെ ഇപ്പോൾ അവരേക്കാൾ വേഗത്തിലാണ് ജനാധിപത്യശബ്ദങ്ങളെ അടിച്ചമർത്തുന്നതെന്നും ഇത് ലജ്ജാകരമാണെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - YouTuber Maridhas detained over videos critical of TVK government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.