‘രജിസ്റ്റർ ചെയ്യാൻ രേഖകൾ തയാറാക്കി ​വെക്കൂ’ -ആർ.എസ്.എസിനോട് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

ബംഗളൂരു: ബി.ജെ.പി-ആർ.എസ്.എസ് വിമർശനത്തിനു തിരിച്ചടി നൽകി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. രജിസ്ട്രേഷൻ നടപടികൾക്കായി രേഖകൾ തയാറാക്കിവെക്കണമെന്ന് ആർ.എസ്.എസിനോട് പറഞ്ഞ ഖാർഗെ, താൻ സംഘടനയെ നിരോധിക്കാൻ ശ്രമിക്കുകയല്ലെന്നും മറിച്ച് സുതാര്യതയും ഉത്തരവാദിത്തവുമാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി.

ആഭ്യന്തര വകുപ്പ് യോഗ്യനല്ലാത്ത മന്ത്രിയുടെ കൈകളിലാണ് ഇപ്പോൾ അകപ്പെട്ടിരിക്കുന്നത് എന്ന തരത്തിൽ സംസ്ഥാന ബി.ജെ.പി എക്സിൽ പങ്കുവെച്ച പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ചയാണ് ജി. പരമേശ്വരക്കു പകരം പ്രിയങ്ക്, പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്.

ചുമതലയേറ്റ ഉടൻതന്നെ ആർ.എസ്.എസിൽനിന്ന് തനിക്ക് രണ്ട് വധഭീഷണി ലഭിച്ചെന്ന് അദ്ദേഹം ​വെളി​പ്പെടുത്തി. അതുകൊണ്ടാണ് രജിസ്ട്രേഷനായുള്ള രേഖകൾ തയ്യാറാക്കി വെക്കാൻ ആവശ്യപ്പെട്ടത്. ഇവിടെ യാതൊരുവിധ അടിച്ചമർത്തലുകളും നടത്തുന്നില്ല, മറിച്ച് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒരു എൻ.ജി.ഒ ആരംഭിക്കുകയാണെങ്കിൽ അത് രജിസ്റ്റർ ചെയ്യുകയും അതിന്റെ ആസ്ഥാനത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാറിനെ അറിയിക്കുകയും ചെയ്യേണ്ടതില്ലേയെന്നും, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻകൂടിയായ മന്ത്രി ചോദിച്ചു.

പൊതുജനങ്ങളിൽ നിന്ന് വൻതോതിൽ സംഭാവനകൾ കൈപ്പറ്റുന്ന ആർ.എസ്.എസ്, കേവലം വ്യക്തികളുടെ കൂട്ടായ്മയാണെന്ന് അവകാശപ്പെട്ട് നികുതി അടക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല.

അതേസമയം, പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. ആർ.എസ്.എസ് പതിറ്റാണ്ടുകളായി നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്നും ഇപ്പോൾ എന്തിനാണ് പുതിയ രജിസ്ട്രേഷൻ ആവശ്യപ്പെടുന്നതെന്നും നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക ചോദിച്ചു.

മുൻ രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, രാഷ്ട്രീയ കാരണങ്ങളാലാണ് കോൺഗ്രസ് സംഘടനയെ ലക്ഷ്യമിടുന്നതെന്ന് കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രി പ്രസ്താവന ഇറക്കിയതുകൊണ്ട് മാത്രം ആർ.എസ്.എസിന് പുതിയ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും സംഘടന നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും അശോക പറഞ്ഞു.

Tags:    
News Summary - Karnataka minister Priyank Kharge tells RSS to 'keep documents ready for registration'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.