ന്യൂഡൽഹി: 2012 മുതൽ രാജ്യത്ത് തടവിൽ കഴിയുകയായിരുന്ന ഏഴു റോഹിങ്ക്യൻ മുസ്ലിംകളെ, അവർക്കെതിരായ സുപ്രീംകോടതി ഉത്തരവിന് തൊട്ടുപിന്നാലെ രാജ്യം മ്യാന്മറിലേക്ക് നാടുകടത്തി. രാജ്യം ആദ്യമായാണ് ഒൗദ്യോഗികമായി റോഹിങ്ക്യകളെ തിരിച്ചയക്കുന്നത് മ്യാന്മർ വംശഹത്യയെ തുടർന്ന് സ്വരാജ്യത്തുനിന്ന് രക്ഷപ്പെട്ട് അസമിലെത്തിയ ഇവർ സിൽച്ചാറിലെ കച്ചാർ ജയിലിൽ തടവിലായിരുന്നു ഇത്രകാലവും.
സ്വന്തം നാട്ടിൽ കൊല്ലപ്പെടുമെന്നതിനാൽ തിരിച്ചയക്കരുതെന്ന റോഹിങ്ക്യകളുടെ അപേക്ഷ തള്ളിയാണ് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇവരെ നാടുകടത്താൻ അനുമതി നൽകിയത്. കേന്ദ്ര സർക്കാർ എടുത്ത തീരുമാനത്തിൽ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മനുഷ്യാവകാശ പ്രവർത്തകനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ആണ് റോഹിങ്ക്യകൾക്കുവേണ്ടി ഹരജി സമർപ്പിച്ചത്. റോഹിങ്ക്യൻ അഭയാർഥികൾ അനധികൃത കുടിയേറ്റക്കാരാണെന്ന കേന്ദ്ര സർക്കാർ വാദം ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും കെ.എം. ജോസഫും അടങ്ങുന്ന ബെഞ്ച് അംഗീകരിച്ചു.
കേന്ദ്ര സർക്കാർ നീക്കം െഎക്യരാഷ്ട്രസഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഭൂഷൺ വാദിച്ചു. നിർബന്ധിച്ച് അവരെ പറഞ്ഞയക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാൽ, ഇൗ ഏഴു പേരടക്കം 19 പേർ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടന്നതാണെന്ന് സർക്കാറിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. മറ്റു തിരിച്ചറിയൽ രേഖകളില്ലാത്തവർക്ക് നൽകുന്ന തിരിച്ചറിയൽ സർട്ടിഫിക്കറ്റ് (സി.െഎ.ഒ) ഇവർക്ക് നൽകാൻ തയാറാണെന്ന് മ്യാന്മർ ഭരണകൂടം അറിയിച്ചിട്ടുണ്ടെന്നും മേത്ത ബോധിപ്പിച്ചു. ഇത് ശരിവെച്ച ചീഫ് ജസ്റ്റിസ് അവർ അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവരുെട രാജ്യം അവരെ പൗരന്മാരായി സ്വീകരിക്കാൻ തയാറാണെന്നും പറഞ്ഞു.
എന്നാൽ, അവരെ പൗരന്മാരായി അംഗീകരിച്ചിട്ടില്ലെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. തിരിച്ചയച്ചാൽ അവർ കൊല്ലപ്പെടുമെന്നും മനുഷ്യാവകാശവും ഭരണഘടനയുടെ 21ാം അനുഛേദവുമാണ് ലംഘിക്കെപ്പടുന്നതെന്നും ഇക്കാര്യത്തിൽ ഇടപെടേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ഭൂഷൺ ബോധിപ്പിച്ചപ്പോൾ ‘ഞങ്ങളുടെ ഉത്തരവാദിത്തം എന്താണെന്ന് താങ്കൾ ഒാർമപ്പെടുത്തേണ്ടതില്ല. ഹരജി തള്ളുകയാണ്’ എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി.
വിധി വന്ന് മണിക്കൂറുകൾക്കകം കേന്ദ്രത്തിലെയും അസമിലെയും ബി.ജെ.പി സർക്കാറുകൾ ചേർന്ന് റോഹിങ്ക്യൻ അഭയാർഥികളെ മ്യാന്മർ ഭരണകൂടത്തിന് കൈമാറുന്ന ചിത്രം വാർത്താ ഏജൻസി പുറത്തുവിട്ടു. റോഹിങ്ക്യകളെ തിരിച്ചയക്കുന്ന നടപടി അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.