ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിമാർക്ക് സർക്കാർ വക സ്ഥിരതാമസം അനുവദിക്കുന്ന യു.പി സർക്കാറിെൻറ പുതിയ നിയമം സുപ്രീംകോടതി റദ്ദാക്കി. സർക്കാർ ബംഗ്ലാവുകളിൽ സ്ഥിരമായി താമസിക്കാൻ മുൻ മുഖ്യമന്ത്രിമാർക്ക് നിയമപരമായ അവകാശമില്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിമാർ ഒാഫീസ് കൈകാര്യം ചെയ്യാത്തതിനാൽ അവർക്ക് ഇത്തരം സൗകര്യങ്ങൾ അനുവദിക്കാൻ കഴിയില്ല. യു.പി മുഖ്യമന്ത്രിമാരുടെ ശമ്പളം, അലവൻസ് തുടങ്ങി വിവിധ തരത്തിലുള്ള വ്യവസ്ഥകൾ അനുശാസിക്കുന്ന 2016ലെ നിയമത്തിെൻറ സെഷൻ 4(3) ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മുൻ രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, മറ്റു സംസ്ഥനങ്ങളിലെ മുൻ മുഖ്യമന്ത്രിമാർ എന്നിവർക്കും അവർ മുൻപ് വഹിച്ചിരുന്ന സ്ഥാനത്തിെൻറ പേരിൽ ഇത്തരം സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ലോക് പ്രഹരി എന്ന സന്നദ്ധ സംഘടനയാണ് നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ലഖ്നോവിലെ സർക്കാർ ബംഗ്ലാവുകളിൽ കഴിയുന്ന എല്ലാ മുൻ മുഖ്യമന്ത്രിമാരും വസതി ഒഴിയണമെന്ന് സുപ്രീംകോടതി 2016 ആഗസ്റ്റ് അവസാനം ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്ന് മൂന്നാഴ്ചയായപ്പോഴാണ് മുൻ മുഖ്യമന്ത്രിമാർക്ക് സർക്കാർ വക സ്ഥിരതാമസം അനുവദിക്കുന്ന തരത്തിൽ യു.പിയിൽ പുതിയ നിയമം കൊണ്ടുവന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്, സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, കോൺഗ്രസ് നേതാക്കളായ എൻ.ഡി തിവാരി, രാംനരേഷ് യാദവ് എന്നിവരെ ഉത്തരവ് ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.