നിർബന്ധിത മതപരിവർത്തനം: കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും മറുപടി തേടി സുപ്രീംകോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും മറുപടി തേടി സുപ്രീംകോടതി. നവംബർ 14നകം എല്ലാ കക്ഷികളും മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ് ആണ് ഹരജി സമർപ്പിച്ചത്. ഇത് രാജ്യവ്യാപകമായ പ്രശ്‌നമാണെന്നും ഉടനടി നടപടി വേണമെന്നും അശ്വിനി കുമാർ അഭ്യർഥിച്ചു. ഭീഷണിപ്പെടുത്തിയും പണവും സമ്മാനങ്ങളും നൽകിയും മതപരിവർത്തനം നടത്തുന്നതിനെതിരെ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.

മതപരിവർത്തനത്തിൽ നിന്ന് മുക്തമായ ഒരു ജില്ല പോലുമില്ലാത്തതിനാൽ പൗരന്മാർക്ക് വലിയ മുറിവാണ് ഉണ്ടായത്. സമ്മാനങ്ങളിലൂടെയും സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ എല്ലാ ആഴ്ചയും രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ദുർമന്ത്രവാദവും, അന്ധവിശ്വാസങ്ങളും ഉപയോഗിച്ചും മതപരിവർത്തനം നടക്കുന്നു. എന്നാൽ കേന്ദ്രമോ സംസ്ഥാനങ്ങളോ അത് തടയാൻ കർശന നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല -ഹരജിയിൽ പറഞ്ഞു.

ഇത്തരത്തിലുള്ള മതപരിവർത്തനങ്ങൾ തടയാൻ റിപ്പോർട്ടും ബില്ലും തയാറാക്കാൻ ലോ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Supreme Court Notice To Centre On Plea Seeking Action Against Forced Religious Conversion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.