ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികൾ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഇനിമുതൽ മതം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് കുറ്റകരമാകും. ഭരണഘടനക്ക് വിധേയമായാണ് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കേണ്ടത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൽ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണമെന്ന് ഏഴംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മതം, ജാതി, സമുദായം തുടങ്ങിയവ ഉപയോഗിച്ച് എതിരാളിയെ ഇകഴ്ത്താനുള്ള ശ്രമവും കുറ്റകരമായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കും. ജനപ്രാതിനിധ്യ നിയമം 123-ാം വകുപ്പ് പ്രകാരവും ഇത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് ചുമത്താനും സാധിക്കും.
യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന വിധി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. രാമ ജന്മഭൂമി വിഷയം വീണ്ടും ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്ക് വിധി കനത്ത തിരിച്ചടിയാണെന്ന് എൻ.സി.പി നേതാവ് മജീദ് മേമൻ പ്രതികരിച്ചു. മതവികാരം ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനും പ്രാദേശിക പൊലീസും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.