ന്യൂഡൽഹി: റോഹിങ്ക്യൻ മുസ്‌ലിം അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്ന വിഷയത്തിൽ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ.ചന്ദ്രച്ചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടത്. തിങ്കളാഴ്ചക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
തങ്ങളെ മ്യാൻമറിലേക്കു തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യൻ ഭരണഘടനക്കും യു.എൻ പ്രമേയങ്ങൾക്കും വിരുദ്ധമാണെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് റോഹിങ്ക്യൻ മുസ്‍ലിംകൾ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് നടപടി. ഇന്ത്യന്‍ ഭരണഘടനയും വിവിധ ഐക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങളും അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അഭയാർഥികൾ ഹരജിയിൽ വ്യക്തമാക്കി. നേരത്തെ, കേന്ദ്ര മനുഷ്യാവകാശ കമീഷനും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിനോടു വിശദീകരണം തേടിയിരുന്നു. സെപ്റ്റംബർ ഒന്നിനാണ് സുപ്രീംകോടതി ഹരജി ഫയലിൽ സ്വീകരിച്ചത്. സെപ്റ്റംബർ 11 ന് ആണ് അടുത്ത വാദം കേൾക്കൽ.
റോഹിങ്ക്യൻ അഭയാർഥികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ അധിനിവേശ കുടിയേറ്റക്കാരെയും നാടുകടത്തുന്നതിന് നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആഗ്സറ്റിൽ കത്ത് അയച്ചിരുന്നു. അഭയാർഥികൾ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രനടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.