ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യഭിചാരം സംബന്ധിച്ച 497ാം വകുപ്പ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി തീരുമാനം. വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളിൽ ഉൾപ്പെടുമ്പോൾ പുരുഷൻ കുറ്റക്കാരനും സ്ത്രീ ഇരയും ആകുന്ന നിലവിലെ നിയമം ബ്രിട്ടീഷ് ഭരണ കാലത്തേത് ആണെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു.
497ാം വകുപ്പിന്‍റെ രണ്ട് വശങ്ങൾ പുനഃപരിശോധിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഒന്ന്: വ്യഭിചാരത്തിന് പുരുഷൻ മാത്രം കുറ്റവാളിയാവുകയും സ്ത്രീയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് അവസ്ഥ. വിവാഹിതയായ സ്ത്രീ പുരുഷന്‍റെ സ്വത്തോ അല്ലെങ്കിൽ നിഷ്ക്രിയമായ വസ്തു മാത്രമോ എന്നതാണ് ചോദ്യം. വ്യഭിചാരത്തിന് ഭർത്താവിന്‍റെ സമ്മതമോ മൗനാനുവാദമോ ഉണ്ടെങ്കിൽ കുറ്റം ഇല്ലാതാകുന്നു എന്നതാണ് രണ്ടാമത്തെ വശം.
ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടുകയും അത് അയാളുടെ സമ്മതമോ മൗനാനുവാദമോ ഇല്ലാതെ ആണെങ്കിൽ ഇത് വ്യഭിചാര കുറ്റമാണെന്നും ശിക്ഷിക്കണമെന്നുമാണ് 497ാം വകുപ്പ് അനുശാസിക്കുന്നത്. അതേസമയം, അത് ബലാൽസംഗത്തിന്‍റെ പരിധിയിൽ വരുന്നുമില്ല.
പുരുഷന്‍റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കിയിരുന്ന കാലത്താണ് ഈ നിയമം നിലവിൽ വന്നതെന്ന് ചൂണ്ടിക്കാട്ടി ജോസഫ് ഷൈൻ എന്ന വ്യക്തി നൽകിയ ഹരജിയിലാണ് കോടതിയുടെ സുപ്രധാന തീരുമാനം. ഹരജിക്കാരന് േവണ്ടി അഭിഭാഷകരായ കാളീശ്വരം രാജും സുവിദത്ത് എം.എസും ആണ് ഹാജരായത്.
പുരുഷനും സ്ത്രീക്കും തുല്യപദവിയാണ് ഇന്ത്യൻ ഭരണഘടനാ വിഭാവനം ചെയ്യുന്നത്. അതുപ്രകാരം സ്ത്രീക്കും അവരുടെ ഭർത്താവിനും എല്ലാ കാര്യത്തിലും തുല്യ സ്ഥാനമാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്ത്രീയെ ഇരയായി കാണുമ്പോൾ നിയമം ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് വ്യഭിചാരത്തിൽ ഏർപ്പെടുന്ന സ്ത്രീയെ ഇരയായി കാണുമ്പോൾ അവരെ ഒരു ഉൽപന്നമായി തരംതാഴ്ത്തുകയല്ലേ ചെയ്യുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.