ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നിലംപരിശാക്കി വീണ്ടും അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തി ലുള്ള ആം ആദ്മി സർക്കാർ അധികാരത്തിലേറിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേറ്റ കനത്ത തിരിച്ചടിയായാണ ് ലോക മാധ്യമങ്ങൾ ബി.ജെ.പിയുടെ പരാജയത്തെ വിശേഷിപ്പിക്കുന്നത്.
'തിരിച്ചുവരാൻ കഴിയാതെ ഡൽഹിയിൽ മോദിയുടെ പാർട്ടി' എന്ന തലക്കെട്ടിലാണ് ന്യൂയോർക്ക് ടൈംസ് വാർത്ത റിപ്പോർട്ട് ചെയ്തത്. മോദി പൗരത്വ പ്രശ്നത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോൾ സമരക്കാരെ വെടിവെക്കണമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. ഇതെല്ലാം വോട്ട് നഷ്ടപ്പെടുത്തുന്നതിന് വഴിവെച്ചു. അതേസമയം, ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമായ ഹിന്ദു ദേശീയതയെ കെജ്രിവാൾ ഫലവത്തായി ഉപയോഗിച്ചതും വിജയം ഉറപ്പാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
'മോദിയുടെ പരാജയം' എന്ന തരത്തിലാണ് വാഷിങ്ടൺ പോസ്റ്റ് ഡൽഹി വിജയം വാർത്തയാക്കിയത്. ആം ആദ്മി പാർട്ടിയുടെ വികസന പദ്ധതികളാണ് വീണ്ടും കെജ്രിവാളിനെ അധികാരത്തിലേറ്റിയതെന്നും വാഷിങ്ടൺ പോസ്റ്റ് നിരീക്ഷിക്കുന്നു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പാളിയെന്ന് 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു. ഡൽഹിയിലേത് ബി.ജെ.പിക്കേറ്റ തിരിച്ചടിയാണെന്നാണ് 'ബി.ബി.സി'യുടെ റിപ്പോർട്ട്. കെജ്രിവാൾ സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് വോട്ടായി മാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലേത് മോദിയുടെയും ബി.ജെ.പിയുടെയും പരാജയമാണെന്നാണ് 'ദ ഗാർഡിയ'ന്‍റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.