ബോംബെ: ഭക്ഷണം ഓർഡർ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഷെഫ് വെയ്റ്ററെ കുത്തിക്കൊന്നു. അന്ധേരി ഈസ്റ്റിലെ ഫോർ സ്റ്റാർ ഹോട്ടലിലാണ് സംഭവം. ഭക്ഷണം ഓർഡർ ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വെയിറ്ററെ അടുക്കളയിലെ കത്തി ഉപയോഗിച്ച് ഷെഫ് ഒന്നിലധികം തവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ വെയ്റ്റർ മരിച്ചു.
സംഭവത്തിൽ ബിഹാർ സ്വദേശിയായ മാധവ് മണ്ഡൽ അറസ്റ്റിലായി. കൊല്ലപ്പെട്ട ജഗദീഷ് ജലാൽ ഹിമാചൽ സ്വദേശിയാണ്. ശനിയാഴ്ച മണ്ഡലിനെ കോടതിയിൽ ഹാജരാക്കും. മണ്ഡൽ ഒരു വർഷമായി ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ജഗദീഷ് ജലാൽ നേവത്തേതന്നെ ഇവിടെ ജോലിക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി ജലാലും മണ്ഡലും തമ്മിൽ തർക്കമുണ്ടായെങ്കിലും ഹോട്ടൽ മാനേജർ ഇടപെട്ട് തർക്കം ഒത്തുതീർപ്പാക്കി. പിറ്റേന്ന് രാവിലെ ജോലിക്ക് കയറിയ ഇവർ വീണ്ടും ഏറ്റുമുട്ടി. രാവിലെ 8.30ഓടെ മണ്ഡൽ പച്ചക്കറികൾ അരിഞ്ഞുകൊണ്ടിരുന്ന സമയത്താണ് ജഗദീഷ് ഹോട്ടൽ അടുക്കളയിൽ കയറിയത്. ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും ദേഷ്യത്തിൽ മണ്ഡൽ ജലാലിന്റെ നെഞ്ചിലും മുതുകിലും പലതവണ കുത്തുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മറ്റ് ജീവനക്കാർ ജലാലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് ഹോട്ടൽ പരിശോധിച്ച് കത്തി പിടിച്ചെടുത്തു. 'കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും മണ്ഡലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും'-പൊലീസ് ഓഫീസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.