എം.കെ. സ്റ്റാലിൻ

അധികാരം പങ്കിടണമെന്ന കോൺഗ്രസ് ആവശ്യം സ്റ്റാലിൻ തള്ളി

ചെന്നൈ: തമിഴ്‌നാട്ടിൽ സീറ്റ് വിഭജന ചർച്ചകളെച്ചൊല്ലി ഭരണകക്ഷിയായ ഡി.എം.കെയും കോൺഗ്രസും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ സംസ്ഥാനത്ത് അധികാരം പങ്കിടണമെന്ന കോൺഗ്രസിന്റെ ആവശ്യം ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തള്ളി. ചെന്നൈയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് തമിഴ്‌നാട്ടിൽ സഖ്യ സർക്കാർ എന്ന ആശയം നടപ്പാകില്ലെന്ന് സ്റ്റാലിൻ അസന്നിഗ്ധമായി പ്രസ്താവിച്ചത്. തങ്ങൾക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ട്. സഖ്യത്തിനുള്ളിൽ ആശയക്കുഴപ്പവും വിള്ളലും സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിനതീതമായി രാഹുൽ ഗാന്ധിയുമായി തനിക്ക് വ്യക്തിപരവും സഹോദരതുല്യവുമായ ബന്ധമാണുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇരു പാർട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ഹൈകമാൻഡ്, എ.ഐ.സി.സി ഇൻ ചാർജ് ഗിരീഷ് സോഡങ്കറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച അഞ്ചംഗ സമിതിയുമായി സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിൽ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സ്റ്റാലിന്റെ അഭിപ്രായ പ്രകടനം. കമ്മിറ്റി രൂപവത്കരിച്ച് രണ്ട് മാസക്കാലത്തിലേറെയായിട്ടും ചർച്ചയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ആശങ്കാകുലരാക്കുന്നുവെന്നും ഗിരീഷ് സോഡങ്കർ അഭിപ്രായപ്പെട്ടിരുന്നു.

ജനുവരി 28ന് ഡൽഹിയിൽ ഡി.എം.കെ നേതാവ് കനിമൊഴിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ അധികാരം പങ്കിടണമെന്ന ആവശ്യവുമായി സമ്മർദം ചെലുത്തരുതെന്ന് കനിമൊഴി രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർഥിച്ചതായാണ് റിപ്പോർട്ട്. അതേസമയം, സ്റ്റാലിന് മറുപടിയായി കോൺഗ്രസ് നേതാവും വിരുദുനഗർ എം.പിയുമായ മാണിക്കം ടാഗോർ, സംസ്ഥാനത്ത് സഖ്യ സർക്കാർ വേണോ അതോ ഒറ്റകക്ഷി ഭരണം വേണോയെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾ അന്തിമമായി തീരുമാനിക്കുമെന്ന് പ്രസ്താവിച്ചു.

2006ൽ ജനവിധി നടപ്പാക്കാതിരുന്നത് കോൺഗ്രസിന്റെ തെറ്റായ തീരുമാനമായിരുന്നു. 2006ൽ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നേതൃത്വത്തിൽ ഡി.എം.കെക്ക് തനിച്ച് കേവല ഭൂരിപക്ഷം കിട്ടാതിരുന്ന സാഹചര്യത്തിൽ 35 കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയോടെയാണ് സർക്കാർ രൂപവത്കരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് 96 സീറ്റുകൾ മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് ആവശ്യം. അന്ന് സഖ്യകക്ഷികളായ കോൺഗ്രസ്, ഇടതു പാർട്ടികൾ, പട്ടാളി മക്കൾ കക്ഷി എന്നിവയുടെ ബാഹ്യ പിന്തുണയോടെയാണ് ഡി.എം.കെ ഭരിച്ചത്. അതിനിടെ ഫെബ്രുവരി 22 മുതൽ സഖ്യകക്ഷികളുമായി സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുമെന്ന് ഡി.എം.കെ അറിയിച്ചു. 

Tags:    
News Summary - Stalin rejects Congress' demand for power sharing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.