ഇൻഡ്യ സഖ്യത്തെ നയിക്കാൻ അനുയോജ്യൻ എം.കെ. സ്റ്റാലിനെന്ന് മണിശങ്കർ അയ്യർ

ന്യൂഡൽഹി: ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ ആണ് ഇൻഡ്യ സഖ്യത്തിന്‍റെ കൺവീനർ ആകാൻ ഏറ്റവും അനുയോജ്യൻ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ശക്തരായ പങ്കാളിയെക്കാൾ സഖ്യ ഐക്യത്തിന് ചെറിയ പങ്കാളിയുടെ സാന്നിധ്യം ബലം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇൻഡ്യ സഖ്യത്തിന്‍റെ കൺവീനർ ആകാൻ തമിഴ്‌നാട് മുഖ്യമന്ത്രിയാണ് ഏറ്റവും നല്ല ഓപ്ഷൻ എന്ന് താൻ പറയുന്നതിനുള്ള കാരണങ്ങൾ മണിശങ്കർ അയ്യർ പി.ടി.ഐയോട് വിശദീകരിച്ചു. സ്റ്റാലിനെ ദേശീയ കൺവീനറോ പ്രസിഡന്റോ ആക്കുന്നത് കോൺഗ്രസിന്റെ തന്നെ താൽപ്പര്യത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

2029 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വിജയിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ സ്റ്റാലിന് മാത്രമേ സഖ്യത്തെ ശക്തിയിലേക്ക് നയിക്കാൻ കഴിയൂ എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ശേഷം അദ്ദേഹത്തിന്റെ മകൻ ഉദയനിധിക്കും കൂട്ടാളികൾക്കും സംസ്ഥാന സർക്കാറിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നും പറഞ്ഞു.

സഖ്യത്തിലെ പ്രധാന പങ്കാളി കോൺഗ്രസ് ആണെന്നതിൽ സംശയമില്ല, അതിനാൽ സ്റ്റാലിൻ നേതൃത്വം വഹിക്കുന്നതിൽ അവർ വിഷമിക്കേണ്ടതില്ലെന്നും അയ്യർ വാദിച്ചു. വർഷങ്ങളായി കോൺഗ്രസിന്റെ ഏറ്റവും വിശ്വസനീയരായ പങ്കാളിയായിരുന്നു ഡി.എം.കെ എന്നും സമവായം എങ്ങനെ സൃഷ്ടിക്കണമെന്ന് അറിയാവുന്ന അസാധാരണ ഭരണാധികാരിയാണെന്ന് സ്റ്റാലിൻ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാലിന്റെ പേര് ആവർത്തിച്ച് നിർദ്ദേശിച്ചത് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. നേരത്തെ പിണറായി വിജയനെ അനുകൂലിച്ച് സംസാരിച്ചതിനും കോൺഗ്രസിന്‍റെ ഭാഗത്തുനിന്ന് മണിശങ്കർ അയ്യർ വിമർശനം നേരിട്ടിരുന്നു.  

Tags:    
News Summary - Stalin best-suited to be convenor of INDIA bloc: Mani Shankar Aiyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.