നാസിയ ഇലാഹി ഖാൻ

മുഹമ്മദ് നബി​യെ അവഹേളിച്ച ബി.ജെ.പി നേതാവിനെതിരായ പൊതുതാൽപര്യ ഹരജി തള്ളി

ന്യൂഡൽഹി: മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാവിനെതിരെയുള്ള പൊതുതാൽപര്യ ഹരജിയുമായി നേരിട്ട് വന്നതിനെ വിമർശിച്ച സുപ്രീംകോടതി, ഇത്തരം വിഷയങ്ങളെ വൈകാരികമാക്കരുതെന്ന് അഭിഭാഷകന് മുന്നറിയിപ്പ് നൽകി. പ്രവാചകനെ അവഹേളിച്ച ബി.​ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാനെതിരെ മുംബൈ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

ഇത്തരം വൈകാരിക വിഷയങ്ങളിൽ തങ്ങളും രാജ്യത്തെ പൗരന്മാ​രാണെന്ന് അഭിഭാഷകർ മനസ്സിലാക്കണമെന്നും ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ എന്താണെന്ന് മനസ്സിലാക്കണമെന്നും ജസ്റ്റിസ് അമാനുല്ല പറഞ്ഞു. വിഷയങ്ങളെ അനാവശ്യമായി വൈകാരികവത്കരിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകും. വൈകാരികമായ കേസുകളുടെ പ്രത്യാഘാതങ്ങൾ ആലോചിക്കണം. ഏതെങ്കിലും ഒരു വ്യക്തി നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ ആ വിഷയം പ്രാദേശിക തലത്തിൽ നിയമപരമായി നേരിടണമെന്നും അദ്ദേഹം അഭിഭാഷകനെ ഉപദേശിച്ചു.

സാമുദായിക സൗഹാർദം തകർക്കുന്നതാണ് പ്രവാചകനോടുള്ള അഹേളനമെന്നും സുപ്രീംകോടതി അത് തടയണമെന്ന​ും അഭിഭാഷകൻ വാദിച്ചപ്പോൾ, രാജ്യത്തെ സംവിധാനങ്ങളിൽ വിശ്വാസം വേണമെന്ന് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല പ്രതികരിച്ചു. ഇതാണ് പ്രശ്നമെന്നും ആളുകൾ കുറുക്കുവഴി തേടി സ്ഥാപനങ്ങളെ പ്രയാസത്തിലാക്കുകയാണെന്നും ജഡ്ജി ത​ുടർന്നു. കേസ് അത്യന്തം ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി അംഗീകരിക്കുന്നുവെന്ന് ജസ്റ്റിസ് അമാനുല്ല പറഞ്ഞു. എന്നാൽ, കുറുക്കു വഴി തേടാതെ നിയമത്തി​ന്റെ വഴിക്ക് നീങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാചകനെ അവഹേളിച്ച് മുസ്‍ലിം സമുദായത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തിയതിന് ബി.ജെ.പി നേതാവിനെതിരെ മുംബൈ മെട്രോപോളിറ്റൻ റീജ്യൻ പൊലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ പൊലീസ് സ്റ്റേഷൻ അധികാര പരിധിയിൽ വരുന്ന മുംബൈ കോടതിയെ സമീപിക്ക​ുകയാണ് വേണ്ടതെന്നും പരിഹാരമായില്ലെങ്കിൽ സുപ്രീംകോടതിയിലേക്ക് വരാമെന്നും ബെഞ്ച് വ്യക്തമാക്കി.  

Tags:    
News Summary - PIL against BJP leader for insulting Prophet Muhammad dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.