പ്രിയങ്ക് ഖാർഗെക്ക് കലബുറഗിയിൽ നൽകിയ സ്വീകരണം
കലബുറഗി: കർണാടകയുടെ ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തിയ പ്രിയങ്ക് ഖാർഗെക്ക് വൻ വരവേൽപ്പ്. പ്രിയങ്ക് കർണാടകയുടെ ഭാവി മുഖ്യമന്ത്രിയാകുമെന്ന് സ്വീകരണ പരിപാടിയിൽ സംബന്ധിച്ച കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ടെന്നും അവർ പറഞ്ഞു.
കലബുറഗി ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
2028-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും വിജയിക്കുമെന്നും പ്രിയങ്ക് ഖാർഗെ കർണാടകയുടെ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസ് നിയമസഭ കൗൺസിൽ അംഗം തിപ്പണ്ണ എം. കമകന്നൂർ പറഞ്ഞു. കോലി, കബ്ബലിഗ തുടങ്ങിയ സമുദായങ്ങളെ പട്ടികവർഗ (എസ്.ടി) വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഈ ആവശ്യം യാഥാർഥ്യമാക്കാൻ കഴിയുന്ന രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതാവ് പ്രിയങ്ക് ഖാർഗെയാണെന്നും തിപ്പണ്ണ കൂട്ടിച്ചേർത്തു.
പ്രിയങ്ക് ഖാർഗെയുടെ പ്രവർത്തനശേഷിക്ക് അനുയോജ്യമായ വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതെന്ന് എം.എൽ.എമാരായ എം.വൈ. പാട്ടീലും അല്ലമപ്രഭു പാട്ടീലും അഭിപ്രായപ്പെട്ടു.
അതിനിടെ, മുഖ്യമന്ത്രിമാർ മാത്രം കൈവശം വെച്ചിരുന്ന ഇ-ഗവേണൻസ് വകുപ്പ് ഡി.കെ. ശിവകുമാർ ഖാർഗെക്ക് നൽകിയിട്ടുണ്ട്. ഇത് പ്രിയങ്ക് ഖാർഗെക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഭരണനിർവഹണ വകുപ്പിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ തന്നെയാണ് ഇ-ഗവേണൻസ് കൈകാര്യം ചെയ്യുന്നത്.
കലബുറഗി ഗഞ്ച് മേഖലയിലെ നാഗേശ്വർ സ്കൂളിന് സമീപത്തുനിന്ന് വൻ ഘോഷയാത്രയോടെ പ്രവർത്തകർ മന്ത്രിയെ പാർട്ടി ഓഫിസിലേക്ക് ആനയിച്ചു.
പ്രിയങ്ക് ഖാർഗെയുടെ ആർ.എസ്.എസ് വിമർശനങ്ങൾ രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് ജന്മനാട്ടിൽ അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. ജൂൺ ആദ്യം കർണാടകയിൽ നടന്ന നേതൃമാറ്റത്തിന്റെ ഭാഗമായി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ, ആഭ്യന്തര മന്ത്രിയായി പ്രിയങ്കിനെ നിയോഗിക്കുകയായിരുന്നു.
സിദ്ധരാമയ്യ സർക്കാറിൽ ആഭ്യന്തര മന്ത്രിയായിരുന്ന ജി. പരമേശ്വരക്കു പകരമായാണ് പ്രിയങ്ക് ചുമതലയേറ്റത്. ചുമതലയേറ്റ ഉടൻ തനിക്ക് ആർ.എസ്.എസിൽനിന്ന് രണ്ട് വധഭീഷണി ലഭിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.