വിനേഷ് ഫോഗട്ടിന്റെ ഷോ-കോസ് നോട്ടീസ്; രണ്ടാഴ്ചക്കകം തീരുമാനമെടുക്കാൻ ഗുസ്തി ഫെഡറേഷനോട് ഡൽഹി ഹൈകോടതി

വിനേഷ് ഫോഗട്ടിന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകിയ ഷോ-കോസ് നോട്ടീസിൽ രണ്ടാഴ്ചക്കകം അന്തിമ തീരുമാനമെടുക്കാൻ ഡൽഹി ഹൈകോടതി നിർദ്ദേശം നൽകി. അച്ചടക്കലംഘനം, ഉത്തേജക മരുന്ന് പരിശോധനാ ചട്ടങ്ങളുടെ ലംഘനം എന്നീ ആരോപണങ്ങൾ ഉന്നയിച്ച് വിനേഷിനെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഫെഡറേഷന്റെ നടപടിയെ ചോദ്യം ചെയ്ത് താരം നൽകിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബെഞ്ചിന്റെ ഈ വിധി.

ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് വിനേഷിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ നൽകിയ ഹരജിയിൽ ഉന്നയിക്കുന്ന നിയമപരമായ വലിയ ചോദ്യങ്ങൾക്ക് വ്യക്തത വരുത്തേണ്ടതുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. കൂടാതെ, ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിനിടയിലെ പെരുമാറ്റത്തെക്കുറിച്ച് ജൂൺ 17-ന് ഫെഡറേഷൻ മറ്റൊരു നോട്ടീസ് കൂടി നൽകിയിട്ടുണ്ടെന്നും, എന്നാൽ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി തേടിയുള്ള താരത്തിന്റെ അപേക്ഷകളോട് അധികൃതർ പ്രതികരിച്ചില്ലെന്നും അവർ കോടതിയെ അറിയിച്ചു.

മെയ് 9-ലെ ഷോ-കോസ് നോട്ടീസിൽ തീരുമാനമെടുക്കാൻ നാലാഴ്ചത്തെ സമയം വേണമെന്നാണ് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഭിഭാഷകൻ ഹേമന്ത് ഫാൽഫർ ആദ്യം കോടതിയിൽ വാദിച്ചത്. എന്നാൽ, വിനേഷിന്റെ അഭിഭാഷകരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് രണ്ടാഴ്ചക്കകം തീരുമാനമെടുക്കാൻ കോടതി കർശന നിർദ്ദേശം നൽകി. ഏഷ്യൻ ഗെയിംസ് സെലക്ഷനുമായി ബന്ധപ്പെട്ട വിനേഷിന്റെ മറ്റു ഹർജികൾ ഇപ്പോൾ അപ്രസക്തമാണെന്നും അവർ ട്രയൽസിൽ പങ്കെടുത്തുവെങ്കിലും പരാജയപ്പെട്ടുവെന്നും ഫെഡറേഷൻ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

മുൻ ഡബ്ലൂ.എഫ്.ഐ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ ഗുസ്തിക്കാരിൽ ഒരാളാണ് വിനേഷ് ഫോഗട്ട് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരോടൊപ്പം ചേർന്ന് 2023-ൽ ജന്തർ മന്ദിറിൽ നടന്ന 36 ദിവസം നീണ്ടുനിന്ന പ്രതിഷേധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നവരിൽ ഒരാളാണ് അവർ. താരത്തെ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്കിയതിനും ഷോ-കോസ് നോട്ടീസ് നൽകിയതിനും പിന്നിൽ രാഷ്ട്രീയ പകപോക്കലാണോ എന്ന ആശങ്കകൾ നേരത്തെ തന്നെ ഉയർന്നിരുന്നു. 

Tags:    
News Summary - Delhi HC directs WFI to decide Vinesh Phogat show-cause notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.