കുരുക്ക് മുറുകുന്നു, ചമ്പത് റായിയുടെ രാജി സ്വീകരിച്ച് ട്രസ്റ്റ്; എസ്.ഐ.ടി അന്വേഷണം തൃപ്തികരം
അയോധ‍്യ: രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ നിർണ്ണായക തീരുമാനവുമായി ട്രസ്റ്റ്. ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റി അനിൽ മിശ്രയുടെയും രാജി സ്വീകരിച്ചു. തിങ്കളാഴ്ച നടത്തിയ ട്രസ്റ്റ് യോഗത്തിൽ എസ്.ഐ.ടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി. വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ കൃഷ്ണ മോഹനെയാണ് ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ക്ഷേത്ര കൊള്ളയോടെ മുഖം നഷ്ടപ്പെട്ട രാമജന്മഭൂമി ട്രസ്റ്റ് വിശ്വാസം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിന്‍റെ ഭാഗമായി ദളിത് പ്രാതിനിധ്യം ഉറപ്പാക്കാൻ കൂടിയാണ് ഈ നിയമനം. അതേസമയം ഭരണപരമായ കാര്യങ്ങളിൽ സമഗ്രമായ പുനരവലോകനം നടത്തുമെന്നും ഭാരവാഹികൾ പ്രഖ്യാപിച്ചു. നിലവിൽ ചമ്പത് റായിക്കും അനിൽ മിശ്രക്കുമെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം.
അയോധ്യയിലെ രാമ ജന്മഭൂമി സമുച്ചയത്തിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന യോഗത്തിലാണ് സുപ്രാധാന തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട് പരിശോധിച്ച ശേഷം ജൂലൈ 22-ന് വീണ്ടും യോഗം ചേരുമെന്നും പുതിയ ട്രസ്റ്റിമാരെയും ഭാരവാഹികളെ അന്ന് നിയമിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. യോഗത്തിന് ശേഷം ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവ് ഗിരി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
യോഗത്തിനെത്തിയ ചമ്പത് റായി രാജി ചര്‍ച്ചയായപ്പോള്‍ മാറി നിൽക്കുകയായിരുന്നു. അതേ സമയം എസ്.ഐ.ടി അന്വേഷണത്തില്‍ ട്രസ്റ്റ് യോഗം തൃപ്തി അറിയിച്ചത് ചമ്ത് റായിക്കെതിരെ കുരുക്ക് മുറുകാനുള്ള സൂചനയായി കണക്കാക്കാം. ഗൂഢാലോചനയിലും പ്രതി ചേര്‍ത്തേക്കും. സുപ്രീംകോടതിയുടെ മുന്നില്‍ സമാന ആവശ്യം ഉന്നയിച്ചുള്ള ഹരജി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് തള്ളിയത്. ഉടന്‍ പരിഗണിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലല്ലോയെന്ന പരാമര്‍ശത്തോടെ അവധി കഴിയുന്ന 13 ന് ശേഷം ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റി വയ്ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.