മഹന്ത് നൃത്യ ഗോപാൽ ദാസ്
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസ്. സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും കുറ്റക്കാർക്കെതിരെ ഏറ്റവും കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ നിർണ്ണായക യോഗം തിങ്കളാഴ്ച ചേരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഈ സംഭവമെന്ന് മഹന്ത് നൃത്യ ഗോപാൽ ദാസ് പറഞ്ഞു. 'ശ്രീ രാം ലല്ല സർക്കാരിന്റെ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് എന്നെ ഏറെ വേദനിപ്പിച്ചു. ഈ പാപം ചെയ്തവർക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും എനിക്ക് വിശ്വാസമുണ്ട്. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ അവർ തയ്യാറാകും. കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണിത്,' അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ആരും വ്യക്തിപരമായ നേട്ടങ്ങൾക്കായി രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സംഭാവന തട്ടിപ്പിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടക്കുന്ന ട്രസ്റ്റ് യോഗം ഏറെ ശ്രദ്ധേയമാണ്. ചമ്പത് റായ്, അനിൽ മിശ്ര എന്നിവരുടെ പരിഗണിച്ചേക്കും. എന്നിരുന്നാലും ചമ്പത് റായ് യോഗത്തിൽ നേരിട്ട് പങ്കെടുക്കില്ല. സംഭാവന തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ ഇരുവരും രാജി സമർപ്പിച്ചിരുന്നെങ്കിലും, അത് ഇതുവരെ സ്വീകരിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ ഭരണപരവും പ്രവർത്തനപരവുമായ കാര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്ന കാര്യവും യോഗം പരിഗണിക്കും.
അയോധ്യ ഭൂമി തർക്ക കേസിൽ 2019 നവംബറിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് 2020 ഫെബ്രുവരിയിലാണ് 'ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്' രൂപീകരിച്ചത്. തുടക്കത്തിൽ 15 അംഗങ്ങളുണ്ടായിരുന്ന ട്രസ്റ്റിൽ, ഒരാളുടെ മരണത്തെത്തുടർന്ന് നിലവിൽ 14 അംഗങ്ങളാണുള്ളത്. സാധാരണയായി മൂന്ന് മാസത്തിലൊരിക്കലാണ് ട്രസ്റ്റ് യോഗങ്ങൾ ചേരുന്നത്. രാമനവമി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ മാർച്ച് 21നായിരുന്നു അവസാന യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.