അമരാവതി: മത്സ‍്യബന്ധനബോട്ട് തകരാറിലയതിനെതുടർന്ന് ഒഡീഷത്തീരത്ത് നിന്ന് പത്ത് മത്സ്യതൊഴിലാളികളെ മറൈന്‍ പൊലീസ് രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ യന്ത്രവത്കൃത ബോട്ട് എന്‍ജിന്‍ തകരാറിലായതുമൂലം ഒഡീഷ തീരത്തേക്ക് ഒഴുകി പോകുകയായിരുന്നു. നാല് ദിവസം മുമ്പാണ് കാക്കിനാഡ ഫിഷിംഗ് ഹാർബറിൽ നിന്ന് പത്ത് പേരടങ്ങുന്ന സംഘം മത്സ‍്യബന്ധനത്തിന് പോയത്. പിന്നാലെ കടലിൽ വെച്ച് സാങ്കേതിക തകരാർ സംഭവിച്ചതോടെ പുരി തീരത്ത് നിന്ന് ഏകദേശം 2-3 കിലോമീറ്റർ അകലേക്ക് ബോട്ട് ഒഴുകി നീങ്ങി. ഇതോടെ തൊഴിലാളികൾ സഹായത്തിനായി അപായ സന്ദേശം അയക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ പുരി മറൈൻ പോലീസ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരു മത്സ്യബന്ധന ബോട്ട് സ്ഥലത്തെത്തി പത്ത് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിച്ചു. തകരാറിലായ ബോട്ട് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചിന്തപ്പള്ളി ഗ്രാമത്തിലുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് പത്ത് പേരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കടലിൽ കുടുങ്ങിയ ഉടൻ തന്നെ മത്സ‍്യതൊഴിലാളികൾ കുടുംബങ്ങൾക്ക് വീഡിയോ സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് ബന്ധുക്കളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും സമയോചിതമായ ഇടപെടലിലൂടെ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.