പ​രി​ക്കേ​റ്റ ര​വി​കു​മാ​ർ കോ​കി​ട്​​ക​ർ

ശ്രീരാമസേന നേതാവിന് വെടിയേറ്റു; മൂന്നുപേർ അറസ്റ്റിൽ

 ബംഗളൂരു: തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ ജില്ല നേതാവിന് കർണാടകയിലെ ബെളഗാവിയിൽ വെടിയേറ്റു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി ജില്ല പ്രസിഡന്‍റ് രവികുമാർ കോകിട്കറിനാണ് ബെളഗാവിയിലെ ഹിന്തൽഗയിൽ വെടിയേറ്റത്.

ശനിയാഴ്ച വൈകീട്ട് 7.30ഓടെ രവികുമാറും ഡ്രൈവർ മദനാജ് ദെസർക്കാറും കാറിൽ ബെളഗാവി നഗരത്തിൽനിന്ന് ഹിന്തൽഗയിലേക്ക് പോവുകയായിരുന്നു. റോഡിലെ സ്പീഡ് ബ്രേക്കറിനരികെ കാർ എത്തിയപ്പോൾ ബൈക്കിൽ മൂന്നംഗസംഘം കാറിനടുത്തേക്ക് എത്തുകയും ഒരാൾ രവികുമാറിന് നേരെ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാറിനെ പിന്തുടർന്നാണോ റോഡിൽ കാത്തുനിന്നാണോ വെടിവെച്ചതെന്ന് വ്യക്തമല്ല. രവികുമാറിന്റെ താടിക്കാണ് വെടിയേറ്റത്. ഡ്രൈവർക്ക് കൈക്ക് പരിക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല. അഭിജീത് എസ്. ഭട്കൻഡേ, രാഹുൽ എൻ. കൊഡചവാദ്, ജ്യോതിബ ജി. മുതഗേകർ എന്നിവരാണ് പിടിയിലായത്.

അഭിജീതും രവികുമാറും വർഷങ്ങളായി റിയൽ എസ്റ്റേറ്റ്, പണമിടപാട് ബന്ധമുള്ളവരാണ്. പിന്നീട് ബന്ധം വഷളായി. രണ്ട് വർഷം മുമ്പ് രവികുമാറും കൂട്ടുകാരും ചേർന്ന് അഭിജീതിനെ വടിവാൾ കൊണ്ട് കൊല്ലാൻ ശ്രമിച്ചെന്ന കേസുണ്ട്. രവികുമാറിനെതിരെ സാമ്പത്തിക കേസടക്കം ആറുകേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

രവികുമാറിന് വെടിയേറ്റതിന് പിന്നിൽ വർഗീയകാരണങ്ങളാണെന്ന് ആദ്യം ശ്രീരാമസേന ആരോപിക്കുകയും ബെളഗാവി മേഖലയിൽ സംഘർഷാവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസ് പ്രതികളെ അറസ്റ്റ്ചെയ്യുകയും കാരണം സംബന്ധിച്ച സൂചന പുറത്തുവരുകയും ചെയ്തതോടെയാണ് സ്ഥിതി ശാന്തമായത്. 

Tags:    
News Summary - Sri Ram Sena leader shot; Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.