ന്യൂഡൽഹി: സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ചിലർ പ്രതികാരത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് ഡൽഹി ഹൈകോടതി. 2015ൽ തന്നെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ഭർത്താവിനെതിരെ പുനർ വിചാരണ ആവശ്യപ്പെട്ട് എത്തിയ യുവതിയുടെ പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം സ്നേഹിക്കുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന പലരും പിന്നീട് ബന്ധം തകരുമ്പോൾ പ്രതികാരത്തിനായി ലൈംഗിക പീഡന കേസുകൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി യുവതിയുടെ പരാതി തള്ളുകയായിരുന്നു.
ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നേരത്തേ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പിന്നീട് ഇയാളെ വിവാഹം കഴിക്കാൻ ധാരണയിലെത്തിയ യുവതി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈകോടതിയേയും പിന്നീട് സുപ്രീകോടതിയേയും സമീപിച്ചു. എന്നാൽ കേസിൽ വിചാരണ നേരിടാനായിരുന്നു കോടതി യുവതിയോടാവശ്യപ്പട്ടത്. വിചാരണ വേളയിൽ പ്രതിക്കെതിരെ യുവതി മൊഴി നൽകിയതുമില്ല. അങ്ങനെ കേസിൽ പ്രതി കുറ്റവിമുക്തനാക്കപ്പെട്ടു.
ഏറെ നാളുകൾക്ക് ശേഷം പഴയ കേസിൽ പുനർവിചാരണ ആവശ്യപ്പെട്ട് യുവതി ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ലൈംഗിക പീഡന കേസിലെ ഏകസാക്ഷിയായ യുവതി കൂറുമാറിയതിനാലാണ് അന്ന് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷനാകാതിരുന്നതെന്ന് കോടതി പറഞ്ഞു. അങ്ങനെയാണ് അന്ന് പ്രതിയെ വെറുതെവിട്ടത്. യുവതിയുടെ തന്നെ സത്യാവാങ്മൂലത്തിന്‍റെ ബലത്തിൽ കുറ്റവിമുക്തനായ ഭർത്താവിനെ വീണ്ടും പ്രതിയാക്കാൻ കോടതിക്ക് എങ്ങനെയാണ് കഴിയുക എന്നും ഹൈകോടതി ചോദിച്ചു. ഈ സാഹചര്യത്തിൽ പ്രതിയെ വെറുതെ വിടുകയല്ലാതെ മറ്റൊരു മാർഗവും കോടതിക്കു മുന്നിലില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.