കേടായ കാർ വിറ്റു; ബി.എം.ഡബ്ല്യു കമ്പനി 50 ലക്ഷം നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേടായ കാർ വിറ്റതിന് ഹൈദരാബാദിലെ ജി.വി.ആർ ഇൻഫ്രാ പ്രോജക്ട്‌സ് കമ്പനിക്ക് ബി.എം.ഡബ്ല്യു ഇന്ത്യ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. 2009 സെപ്റ്റംബറിലാണ് കമ്പനി ഹൈദരാബാദിലെ ഡീലറിൽ നിന്ന് ബി.എം.ഡബ്ല്യു- 7 സീരീസ് കാർ വാങ്ങിയത്.

ആർട്ടിക്കിൾ 142 വകുപ്പ് ഉപയോഗിച്ചാണ് കോടതി വിധി പറഞ്ഞത്. കാർ വാങ്ങി അധികം കഴിയുന്നതിനു മുമ്പുതന്നെ കേടാവുകയായിരുന്നു. കാറിന്റെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും മൂന്ന് മാസത്തിന് ശേഷം വീണ്ടും കേടാവുകയായിരുന്നു. തുടർന്ന് കേടായ കാർ നൽകി വഞ്ചന നടത്തിയെന്ന് ആരോപിച്ച് ബി.എം.ഡബ്ല്യു ഇന്ത്യ, മാനേജിംഗ് ഡയറക്ടർ, മറ്റ് ഡയറക്ടർമാർ എന്നിവർക്കെതിരെ ജി.വി.ആർ ഇൻഫ്രാ പ്രോജക്ട്‌സ് പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് 2012 മാർച്ചിൽ ബി.എം.ഡബ്ല്യു ഇന്ത്യയ്‌ക്കെതിരായ പ്രോസിക്യൂഷൻ നടപടികൾ ആന്ധ്രപ്രദേശ് ഹൈകോടതി റദ്ദാക്കി. കാർ മാറ്റി നൽകണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും നഷ്ട പരിഹാരം വേണമെന്നായിരുന്നു ഉപഭോക്താവിന്റെ ആവശ്യം. തുടർന്നാണ് കാർ വാങ്ങിയവർ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. സുപ്രീം കോടതിയിൽ ബി.എം.ഡബ്ല്യു ഇന്ത്യയുടെ അഭിഭാഷകൻ 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് വാഗ്ദാനം ചെയ്തു.

തുടർന്ന് കേസിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി പർദിവാലയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ജി.വി.ആർ ഇൻഫ്രാ പ്രോജക്ട്‌സിന് ബി.എം.ഡബ്ല്യു ഇന്ത്യ 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് വിധിക്കുകയായിരുന്നു.

Tags:    
News Summary - Sold the damaged car; Judgment to pay 50 lakhs to BMW company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.