മതപരിവർത്തന ശ്രമം ആരോപിച്ച് ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തവർ

യു.പിയിൽ അറസ്റ്റിലായ ക്രൈസ്തവ പുരോഹിതനെതി​രെ വിദേശ ഫണ്ട് ​കൈകാര്യം ചെയ്തതിനും കേസ്

ലഖ്‌നോ: മതപരിവർത്തന ശ്രമം ആരോപിച്ച് ഉത്തർപ്രദേശിൽ അറസ്റ്റിലായ ക്രൈസ്തവ പുരോഹിതനും ഭാര്യക്കുമെതിരെ വിദേശ ഫണ്ട് ​കൈകാര്യം ചെയ്തതിനും കേസെടുത്തതായി യു.പി പൊലീസ്. ഉത്തർപ്രദേശിലെ സിതാപൂരിൽ പിടിയിലായ ഡേവിഡ് അസ്താനക്കും ഭാര്യ രോഹിണിക്കുമെതിരെയാണ് വിദേശ ധന സഹായ നിയമ ലംഘനത്തിന് (എഫ്‌സിആർഎ) കേ​സെടുത്തത്.

ഡേവിഡ് അസ്താനയുടെ സന്നദ്ധസംഘടനക്ക് വിദേശ ധനസഹായം ലഭിച്ചതിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതായി പൊലീസ് അവകാശ​പ്പെട്ടു. ഡിസംബർ 19നാണ് ബ്രസീലുകാരായ ഏതാനും വിനോദസഞ്ചാരികൾക്കൊപ്പം ജില്ലയിലെ സീതാപൂർ ഗ്രാമം സന്ദർശിച്ച ഡേവിഡിനും ഭാര്യ രോഹിണിക്കുമെതിരെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് കേസെടുത്തത്.

ഡേവിഡ് എഫ്‌.സി.ആർ.എ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി സീതാപൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. 2014-15 കാലയളവിൽ യുഎസ്, ദക്ഷിണ കൊറിയ, ബ്രസീൽ, കെനിയ, അർജന്റീന എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം വൻ തുക കൈപ്പറ്റിയിട്ടുണ്ടെന്നും അതിന്റെ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. “ഡേവിഡിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപ കണ്ടെത്തി. അതേക്കുറിച്ച് തൃപ്തികരമായ മറുപടിലഭിച്ചിട്ടില്ല” -നരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ഡേവിഡിനെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതായി എ.എസ്.പി പറഞ്ഞു.

ഡേവിഡ് നടത്തുന്ന എൻ.ജി.ഒയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനും പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. 2018-19ൽ ഒരു കോടി രൂപയോളം സംഭാവന ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ഓൺലൈൻ വഴി വൻതുക നിക്ഷേപിച്ച 12 ദാതാക്കളെ കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടു. കാലിഫോർണിയയിൽ നിന്നുള്ള സാന്ദ്ര, ടെക്സാസിലെ ഹെൻറി, ജെയിംസ്, ബ്രാഡ് സ്പ്രിംഗ്ലർ, കാലിഫോർണിയയിൽ നിന്നുള്ള പാർക്ക്സൺ, ഇല്ലിനോയിസിൽ നിന്നുള്ള കാതറീന, പാസ്റ്റർ ലീ, ദക്ഷിണ കൊറിയയിൽ നിന്ന് പാർക്ക്, നെയ്‌റോബിയിൽ നിന്ന് ആൻഡ്രൂ, ബ്രസീലിൽ നിന്നുള്ള റിവാൾഡോ ജോസ് ദസിൽവ, അർജന്റീനയിൽനിന്ന് രണ്ടുപേർ ​എന്നിവരെയാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Sitapur conversion case: UP Police say arrested pastor David Asthana’s NGO violated FCRA norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.