സുപ്രീംകോടതിയെ വിമർശിച്ച് ബി.ജെ.പി എം.പി; ഉയർത്തിയത് ഗുരുതര ആരോപണം, അകലം പാലിച്ച് പാർട്ടി

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ വിമർശനവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. സുപ്രീംകോടതി നിയമങ്ങളുണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു ദുബെയുടെ സുപ്രീംകോടതി വിമർശനം. പിന്നീട് വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലും രൂക്ഷമായ സുപ്രീംകോടതി വിമർശനം അദ്ദേഹം ആവർത്തിച്ചു.

സുപ്രീംകോടതി പരിധികൾ ലംഘിക്കുകയാണെന്ന് ദുബെ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആർട്ടിക്കൾ 368 പ്രകാരം പാർലമെന്റിന് നിയമങ്ങൾ ഉണ്ടാക്കാനുള്ള അവകാശമുണ്ട്. ഈ നിയമങ്ങൾ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യുന്നത്. എന്നാൽ, കോടതി പ്രസിഡന്റിനും ഗവർണർക്കും നിയമങ്ങൾ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയാണ്. രാമക്ഷേത്രം, കൃഷ്ണജന്മഭൂമി, ഗ്യാൻവ്യാപി എന്നിവ നിങ്ങളുടെ മുന്നിലെത്തുമ്പോൾ രേഖകൾ ആവശ്യപ്പെടും. എന്നാൽ, മുഗളൻമാർ നിർമിച്ച പള്ളികളുടെ കാര്യം വരുമ്പോൾ ഒരു രേഖകളും ആവശ്യപ്പെടില്ലെന്നും അദ്ദേഹം സുപ്രീംകോടതിയെ വിമർശിച്ചു.

അതേസമയം, ബി.ജെ.പി പ്രസ്താവനയിൽ നിന്നും അകലം പാലിക്കുകയാണ്. നിഷികാന്ത് ദുബെ സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനും എതിരായി നടത്തിയ പ്രസ്താവനയിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്ന് പാർട്ടി പ്രസിഡന്റ് ജെ.പി നദ്ദ പറഞ്ഞു. ഇത് വ്യക്തപരമായ അഭിപ്രായം മാത്രമാണ്. അതിനെ ബി.ജെ.പി അനുകൂലിക്കുകയോ പ്രതികൂലിക്കുകയയോ ചെയ്തിട്ടില്ല. പ്രസ്താവന തള്ളിക്കളയുകയാണെന്നും നദ്ദ വ്യക്തമാക്കി.

നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സുപ്രീംകോടതിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ബില്ലുകളിൽ ഗവർണർമാരും രാഷ്ട്രപതിയും തീരുമാനമെടുക്കേണ്ടത് സംബന്ധിച്ച് സുപ്രീംകോടതി നിർണായക വിധിന്യായം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണപക്ഷ നേതാക്കൾ കോടതി വിമർശനം ശക്തമാക്കിയത്.

Tags:    
News Summary - Shut down Parliament if Supreme Court makes laws: BJP MP slams judiciary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.