ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിനെതിരെ ഡല്‍ഹി ന്യൂനപക്ഷ കമീഷന് ചെയര്‍പേഴ്സണ്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാനോട് ഡൽഹി സർക്കാർ വിശദീകരണം തേടിയതായി ഹൈകോടതിയെ അറിയിച്ചു. ഇദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഏപ്രിൽ 30ന് തന്നെ കത്ത് നൽകിയതായും ഡൽഹി സർക്കാറിെൻറ കൗൺസിൽ അനുപം ശ്രീവാസ്തവ കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിെൻറ പോസ്റ്റ് സാമൂഹിക മൈത്രിക്ക് കളങ്കം വരുത്തുന്നതാണെന്ന് കത്തിൽ സൂചിപ്പിച്ചിരുന്നു.
ഈ കത്തിെൻറ അടിസ്ഥാനത്തിൽ മെയ് എട്ടിനാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. അലോക് അലാഖ് ശ്രീവാസ്തവ നൽകിയ ഹരജി പരിഗണിക്കവെയാണ് കൗൺസിൽ കോടതി മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചത്. ചെയർമാൻ പദവിയിൽനിന്ന് ഡൽഹി സർക്കാർ സഫറുല്‍ ഇസ്ലാം ഖാനെ നീക്കണമെന്നായിരുന്നു ഹരജി. അതേസമയം, ഡൽഹി സർക്കാർ നടപടിയെടുക്കുന്നത് വരെ വിധിപറയുന്നില്ലെന്ന് കോടതി അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഡോ. സഫറുൽ ഇസ്ലാം ഖാനെതിരെ ഡൽഹി പൊലീസ് ആണ് രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. ഡൽഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി.
ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമോഫോബിയക്കെതിരെ അറബ് ലോകത്ത് നടന്ന കാമ്പയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിന് നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പിന്നീട് ഇസ്ലാം ഖാൻ പറഞ്ഞിരുന്നു.
ന്യൂനപക്ഷ പ്രശ്നങ്ങളില്‍ ഇരകള്‍ക്കായി നിരന്തരം ഇടപെട്ട ഡല്‍ഹി ന്യൂനപക്ഷ കമീഷന് ചെയര്‍പേഴ്സണ്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാനോട് രാജ്യദ്രോഹ കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം നോമ്പു തുറയുടെ നേരത്ത് മൂന്ന് ഡസനിലേറെ പൊലീസുകാരുമായി വീട്ടില്‍വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ നാട്ടുകാര്‍ ഒത്തുകൂടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.