പ്രിയങ്ക ഗാന്ധി
സഹർസ (ബിഹാർ): രാജ്യത്തെയും ബിഹാറിനെയും പ്രതിപക്ഷ നേതാക്കൾ നിരന്തരം അപമാനിക്കുന്നുവെന്ന് ആരോപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ‘അപമാന മന്ത്രാലയം’ ആരംഭിക്കണമെന്ന് പരിഹസിച്ച് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം അനാവശ്യ വിഷയങ്ങളാണെന്നും ബിഹാറിൽ എൻ.ഡി.എ സർക്കാർ നടത്തുന്ന അഴിമതിയേയും കടുകാര്യസ്ഥതയേയും കുറിച്ച് മൗനം പാലിക്കുകയാണെന്നും സഹർസ ജില്ലയിലെ സോനബർസയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രിയങ്ക തുറന്നടിച്ചു.
“വികസനത്തെ കുറിച്ച് സംസാരിക്കേണ്ടതിന് പകരം പ്രതിപക്ഷ നേതാക്കൾ രാജ്യത്തെയും ബിഹാറിനെയും അപമാനിക്കുന്നുവെന്ന ആരോപണം ഉയർത്തുകയാണ് പ്രധാനമന്ത്രി. ‘അപമാന മന്ത്രാലയം’ എന്ന പേരിൽ പുതിയ വകുപ്പ് അദ്ദേഹം രൂപവത്കരിക്കണം. കാരണം അതിലാണ് അദ്ദേഹത്തിന്‍റെ സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിൽ പ്രഖ്യാപനങ്ങൾ നടത്തുന്ന മോദിയും അമിത് ഷായും കഴിഞ്ഞ 20 വർഷം എൻ.ഡി.എ സംസ്ഥാനത്ത് എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം.
മുഖ്യമന്ത്രി നിതീഷ് കുമാറല്ല സംസ്ഥാനം ഭരിക്കുന്നത്, അത് മോദിയുടെയും കേന്ദ്രനേതാക്കളുടെയും റിമോട്ട് കൺട്രോളിലാണ്. ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തിനു മേൽ എൻ.ഡി.എ സർക്കാർ തുരങ്കംവെക്കുന്നു. തൊഴിലില്ലായ്മ കൊണ്ട് യുവാക്കൾ പൊറുതിമുട്ടുമ്പോൾ സർക്കാർ സ്ഥാപനങ്ങളിൽ ബി.ജെ.പിയുടെ കോർപറേറ്റ് സുഹൃത്തുക്കൾക്ക് ജോലി ലഭിക്കുന്നു” -പ്രിയങ്ക വിമർശിച്ചു.
അതേസമയം തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ മോദി പട്നയിൽ നടത്തിയ മെഗാ റോഡ് ഷോയിൽ എൻ.ഡി.എ കക്ഷി കൂടിയായ ജെ.ഡി.യുവിന്റെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭാവം ശ്രദ്ധേയമായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്‌സ്വാളും കേന്ദ്രമന്ത്രിയും ജെ.ഡി.യു നേതാവുമായ രാജീവ് രഞ്ജൻ സിങ് എന്നിവർ പങ്കെടുത്ത റാലിയിലാണ് നിതീഷിന്‍റെ അസാന്നിധ്യം. ഇതിൽ തനിക്ക് അത്ഭുതമില്ലെന്നും നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പിക്ക് പദ്ധതിയില്ലെന്നും ആർ.ജെ.ഡി നേതാവും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് പ്രതികരിച്ചു.
എൻ.ഡി.എ നിതീഷിനെ മാറ്റിനിർത്തുന്നതായി തേജസ്വി പലതവണ അവകാശപ്പെട്ടിട്ടുണ്ട്. എൻ.ഡി.എയുടെ പ്രകടന പത്രികയിലെ ഉള്ളടക്കത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരിക്കാമെന്നും അദ്ദേഹം നേരത്തെ പരിഹസിച്ചിരുന്നു. ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനുള്ളിലെ വ്യത്യാസങ്ങൾ കോൺഗ്രസ് പാർട്ടിയും താനും ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാറും പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയെ തകർക്കാൻ ഉപയോഗിച്ച തന്ത്രം അൽപം പരിഷ്‍കരിച്ച് ബിഹാറിൽ ബി.ജെ.പി പരീക്ഷിക്കുകയാണെന്നും കനയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.