പ്രതീകാത്മക ചിത്രം

മഹാരാഷ്ട്രയിൽ മൂന്ന് വർഷത്തിനിടെ 14,526 ശിശുമരണങ്ങൾ; ഞെട്ടിക്കുന്ന കണക്കുകൾ നിയമസഭയിൽ!

നാഗ്പൂർ: മഹാരാഷ്ട്രയിലെ ഏഴ് ജില്ലകളിലായി കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടെ (2022-23 മുതൽ 2024-25 വരെ) 14,526 കുട്ടികൾ മരിച്ചതായി പൊതുജനാരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അബിത്കർ നിയമസഭയെ അറിയിച്ചു. നിയമസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് പോഷകാഹാരക്കുറവ് മൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി പതിനായിരത്തിലേറെ കുട്ടികൾ മരിച്ചുവെന്ന കണക്ക് ആരോഗ്യമന്ത്രി അറിയിച്ചത്. പുണെ, മുംബൈ, ഛത്രപതി സംഭാജിനഗർ, നാഗ്പൂർ, അമരാവതി, അകോല, യവത്മാൽ എന്നീ ജില്ലകളിലെ കണക്കാണ് അവതരിപ്പിച്ചത്. ബി.ജെ.പി. നിയമസഭാംഗം സ്നേഹ ദുബെയുടെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

ആദിവാസി മേഖലയായ പാൽഘർ ജില്ലയിൽ 138 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 നവംബറിലെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ; 203 കുട്ടികൾക്ക് കടുത്ത പോഷകാഹാരക്കുറവും 2,666 കുട്ടികൾക്ക് മിതമായ പോഷകാഹാരക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നവജാത ശിശുക്കൾക്കിടയിലെ മരണനിരക്കിൽ വലിയ കുറവ് വരുത്താനായെന്നും ആരോഗ്യമന്ത്രി അവകാശപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്.ഡി.ജി) 2030 പ്രകാരം നവജാതശിശു മരണനിരക്ക് 1,000-ൽ 12 എന്ന നിലയിലേക്ക് എത്തിക്കണമെന്നായിരുന്നു വിഭാവനം ചെയ്തത്. 2023-ൽ തന്നെ സംസ്ഥാനത്തെ നവജാത ശിശു മരണനിരക്ക് 11/1000 എന്ന നിലയിലേക്ക് എത്തിച്ചു. സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റം(എസ്.അർ.എസ്) നടത്തിയ സർവേയിൽ നിന്നും ഇത് വ്യക്തമായിരിക്കുന്നത് പ്രകാശ് അബിത്കർ നൽകിയ മറുപടിയിൽ പറയുന്നു.

സംസ്ഥാനത്ത് ആകെ ജനിച്ചതിൽ ഭാരം കുറഞ്ഞ കുട്ടികളുടെ അനുപാതം 0.23 ശതമാനവും മിതമായ ഭാരക്കുറവുള്ളവരുടെ അനുപാതം 1.48 ശതമാനവുമാണ്. പോഷകാഹാരക്കുറവ് ലഘൂകരിക്കുന്നതിനായി സമഗ്ര ശിശു വികസന സേവന പദ്ധതിക്ക് കീഴിൽ പതിവ് ആരോഗ്യ പരിശോധനകൾ, ഗർഭിണികൾക്കായുള്ള ഡോ. എ.പി.ജെ. അബ്ദുൽ കലാം അമൃത് ആഹാർ യോജന, പ്രധാൻ മന്ത്രി മാതൃ വന്ദന യോജന, ‘സുപോഷിത് മഹാരാഷ്ട്ര ഇനിഷ്യേറ്റീവ്' എന്നിവ ഉൾപ്പെടെയുള്ള വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭയിൽ അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Shocking Figures;14,526 Child Deaths in Maharashtra Over Three Years Reported in Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.